mahua

ന്യൂഡൽഹി: തൃണമൂൽ എം.പി മഹുവ മൊയ്‌ത്രയെ പിന്തുണച്ചുള്ള പ്രതിഷേധങ്ങളിലൂടെ ശ്രദ്ധ നേടിയ ലോക്‌സഭാ എം.പി ഡാനിഷ് അലിയെ ബി.എസ്.പി പുറത്താക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും വിരുദ്ധമായി ഡാനിഷ് പ്രസ്താവനകൾ നടത്തുകയും പ്രവർത്തിക്കുകയും ചെയ്‌തതിനാണ് നടപടിയെന്ന് ബി.എസ്.പി അറിയിച്ചു.

ഡാനിഷ് അലി അടുത്തിടെ നടത്തിയ ഒറ്റയാൾ നീക്കങ്ങൾ നേതാവ് മായാവതിയുടെ പൂർണ നിയന്ത്രണത്തിലുള്ള ബി.എസ്.പിക്കുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്‌ടിച്ചിരുന്നു. ബി.ജെ.പിയെയും കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇന്ത്യ" മുന്നണിയെയും പരസ്യമായി പിന്തുണയ‌്ക്കാത്ത നിലപാടാണ് ബി.എസ്.പിയുടേത്. എന്നാൽ പാർലമെന്റിൽ അടക്കം ഡാനിഷ് അലി 'ഇന്ത്യ' മുന്നണിക്ക് അനുകൂലമായി നിലകൊണ്ടു. ഇതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയെന്നും ലംഘിച്ച സാഹചര്യത്തിലാണ് പുറത്താക്കലെന്നും ബി.എസ്.പി വ്യക്തമാക്കി.

മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്‌ത എത്തിക്‌സ് കമ്മിറ്റിയിൽ അംഗമാണ് ഡാനിഷ് അലി. മഹുവയെ മൊഴി നൽകാൻ വിളിച്ച ദിവസം അവരോട് മോശം ചോദ്യങ്ങൾ ചോദിച്ചെന്ന പേരിൽ ഡാനിഷ് കമ്മിറ്റിയിൽ നിന്ന് വാക്കൗട്ട് ചെയ്‌തിരുന്നു. ഇതിന്റെ പേരിൽ ഡാനിഷിനെതിരെയും എത്തിക്‌സ് കമ്മിറ്റി നടപടിക്ക് ശുപാർശ ചെയ്‌തിരുന്നു. മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പാർലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ 'ഇരയെ കുറ്റവാളിയാക്കരുത്' എന്ന പ്ളക്കാർഡുമായി ഡാനിഷ് പ്രതിഷേധിച്ചു.

ഉത്തർപ്രദേശ് സ്വദേശിയായ ഡാനിഷ് ജെ.ഡി.എസിൽ നിന്നാണ് ബി.എസ്.പിയിലെത്തിയത്. 2017ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിനായി പ്രവർത്തിച്ചു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ നിർദ്ദേശ പ്രകാരം മായാവതി ബി.എസ്.പിയിൽ അംഗത്വം നൽകി.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിലെ അംറോഹയിൽ മത്‌സരിപ്പിച്ചു. ബി.ജെ.പി മുൻ എം.പി കുൻവർ സിംഗ് തൻവാറിനെ 63,000ത്തിലധികം ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ലോക്‌സഭയിലെ ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയെ വിമർശിച്ച ഡാനിഷ് അലിയെ ബി.ജെ.പി അംഗം രമേഷ് ബിധുരി 'ഭീകരൻ' എന്നു വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ലോക്‌സഭാ സ്‌പീക്കർക്ക് ഡാനിഷ് പരാതി നൽകിയെങ്കിലും രമേഷ് ബിധുരി മാപ്പു പറഞ്ഞ് തലയൂരി.