meenaqkshi

ന്യൂഡൽഹി: പാലസ്തീനിലെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ എന്ന കെ.പി.സി.സി അദ്ധ്യക്ഷനും എം.പിയുമായ കെ.സുധാകരന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ഒപ്പിട്ടത് താനല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. മീനാക്ഷി ലേഖി നൽകിയ മറുപടി എന്ന തരത്തിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം. സാങ്കേതിക പിഴവ് പറ്റിയതാണെന്നും മറുപടി നൽകിയത് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി വിശദീകരിച്ചു.താൻ കാണാത്തതും ഒപ്പിടാത്തതുമായ മറുപടി വാർത്തയായത് അന്വേഷിക്കാൻ വിദേശകാര്യ സെക്രട്ടറിയോട് മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു. തെറ്റ് ചെയ്‌തവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ഹമാസിനെ ഇന്ത്യയിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ എന്നായിരുന്നു കെ.സുധാകരന്റെ ചോദ്യം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് കീഴിലാണ് നടപടി എടുക്കേണ്ടതെന്നും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ വ്യവസ്ഥകൾക്കനുസൃതമായാണ് പ്രഖ്യാപനം നടത്തുന്നതെന്നുമാണ് മറുപടി നൽകിയത്. ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ എന്ന് വ്യക്തമാക്കുകയോ ഇസ്രായേൽ സർക്കാർ അത്തരമൊരു പദവി ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകുകയോ ചെയ്‌തില്ല. അതേസമയം കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി വി.മുരളീധരനാണ് മറുപടി നൽകിയത്. ഹമാസുമായി ബന്ധപ്പെട്ട ചോദ്യത്തിനും വി.മുരളീധരന്റെ പേരായിരുന്നു വരേണ്ടിയിരുന്നത് എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.