
ന്യൂഡൽഹി: എത്തിക്‌സ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്‌ത് മഹുവ മൊയ്‌ത്ര ഈ ആഴ്‌ച തന്നെ കോടതിയെ സമീപിച്ചേക്കും. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെയോ ഡൽഹി ഹൈക്കോടതിയെയോ സമീപിക്കുമെന്നും നിയമ വിദഗ്‌ദ്ധരുമായി ചർച്ചയിലാണെന്നും മഹുവ അറിയിച്ചു.
തന്നെ പുറത്താക്കാനുള്ള ശുപാർശ നൽകാൻ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന വാദമാകും പ്രധാനമായും മഹുവ കോടതിയിൽ ഉന്നയിക്കുക. കമ്മിറ്റി ചുമതല മറികടന്നുവെന്നും നടപടിക്രമങ്ങൾ ക്രമരഹിതമാണെന്നും വാദിച്ചേക്കും. ധൃതിപിടിച്ചാണ് നടപടിയുണ്ടായതെന്നും തന്റെ ഭാഗം വിശദീകരിക്കാനോ, വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കാനോ സംസാരിച്ചില്ലെന്നും കോടതിയെ ധരിപ്പിക്കും. 2005ൽ ചോദ്യത്തിന് കോഴ ആരോപണത്തിൽ പുറത്താക്കിയ പത്ത് എം.പിമാർക്കും സംസാരിക്കാൻ അനുമതി നൽകിയിരുന്നില്ലെന്ന ലോക്‌സഭാ സ്‌പീക്കറുടെ വാദവും കോടതിയിൽ എതിർത്തേക്കും. അതിനിടെ മഹുവയെ പുറത്താക്കിയ നടപടിയെ രാഷ്‌ട്രീയമായി നേരിടാനുള്ള നീക്കത്തിലാണ് തൃണമൂൽ കോൺഗ്രസും 'ഇന്ത്യ' മുന്നണിയും. ഒരു വനിതയെ രാഷ്‌ട്രീയ പകപോക്കലിനായി ഇരയാക്കിയെന്ന പ്രചാരണം വരും ദിവസങ്ങളിൽ പ്രതിപക്ഷം ഉയർത്തും. ഈ രീതിയിൽ അടുത്ത തിരഞ്ഞെടുപ്പിലും പ്രചാരണം നടത്തും.
അതിനിടെ മഹുവ പുറത്തായത് തന്നെ വേദനിപ്പിച്ചെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു. ദുബെയുടെ പരാതി പ്രകാരമാണ് എത്തിക്‌സ് കമ്മിറ്റി മഹുവയ്‌ക്കെതിരെ നടപടി ശുപാർശ ചെയ്‌തത്.
'വെള്ളിയാഴ്‌ച സങ്കടകരമായ ദിവസമായിരുന്നു. അഴിമതിയുടെ പേരിലും രാജ്യസുരക്ഷയുടെ പേരിലും ഒരു പാർലമെന്റ് അംഗത്തെ പുറത്താക്കിയത് എന്നെ വേദനിപ്പിക്കുന്നു'- ദുബെ പറഞ്ഞു.