
ന്യൂഡൽഹി : ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും ബി.ജെ.പി വൻവിജയം നേടിയ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും സസ്പെൻസ് തുടരുന്നു.
മദ്ധ്യപ്രദേശിൽ ഇന്ന് ബി.ജെ.പി നിയമസഭാ കക്ഷിയോഗം ചേരും. രാജസ്ഥാനിൽ നാളെയെങ്കിലും യോഗം ചേരാനാണ് ശ്രമം. ജാതി സമവാക്യങ്ങൾ നിലനിർത്താൻ രണ്ടിടത്തും രണ്ട് വീതം ഉപമുഖ്യമന്ത്രിമാർ വന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്.
ഫലം വന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടും തീരുമാനമാകാത്തത് വിജയത്തിന്റെ മാറ്റു കുറയ്ക്കുമെന്ന ആശങ്കയുണ്ട്. മുതിർന്ന നേതാക്കളെ അനുനയിപ്പിച്ച് തീരുമാനത്തിലേക്ക് എത്തിക്കാൻ നിരീക്ഷകർ രണ്ടിടത്തും എത്തിയിട്ടുണ്ട്.
ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിയായി പുതു മുഖത്തിനാണ് അവസരം നൽകിയത്. സമാനമായി മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനെയും, രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെയും മാറ്റി നിർത്തി, പുതിയ മുഖം വരട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശമെന്ന് വിലയിരുത്തുന്നുണ്ട്.
വസുന്ധര രാജെ സിന്ധ്യ അവരെ പിന്തുണയ്ക്കുന്ന എം.എൽ.എമാരുമായി ഇന്നലെയും വസതിയിൽ ചർച്ച നടത്തി. രാജ്പുത് നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് കേന്ദ്ര നേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് സൂചന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെ നാഥ് സമുദായ നേതാവ് ബാലക് നാഥ് യോഗി, ദളിത് നേതാവ് അർജുൻ റാം മേഘ്‌വാൾ എന്നിവരുടെ പേരുകളും സജീവമാണ്. വസുന്ധര രാജെയ്ക്ക് പകരം ഒരു വനിതാ രാജകുടുംബാംഗത്തെ മുഖ്യമന്ത്രിയാക്കണമെങ്കിൽ ദിയാ കുമാരിയും രംഗത്തുണ്ട്.
ബഹളങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ. വനിതാ ശാക്തീകരണത്തിന് ചൗഹാൻ നടപ്പാക്കിയ ലാഡ്ലി ബെഹൻ ലാഡ്ലി ലക്ഷ്‌മി പദ്ധതികൾക്ക് വിജയത്തിൽ വലിയ പങ്കുണ്ടെന്നും അദ്ദേഹത്തെ മാറ്റിനിർത്തുന്നത് നന്ദികേടാകുമെന്നും അനുയായികൾ പറയുന്നു.
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, ചൗഹാനെ പോലെ ഒ. ബി. സി നേതാവായ പ്രഹ്ലാദ് പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ, പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വി. ഡി ശർമ്മ, തുടങ്ങിയ പേരുകളും സജീവമാണ്.
ഒ. ബി. സി മുഖ്യമന്ത്രിമാർ
2003ന് ശേഷം മദ്ധ്യപ്രദേശിൽ ബി.ജെ.പി മുഖ്യമന്ത്രിമാരായ മൂന്ന് പേരും ( ഉമാ ഭാരതി, ബാബുലാൽ ഗൗഡ്, ശിവ് രാജ് സിംഗ് ചൗഹാൻ ) ഒ. ബി. സി വിഭാഗക്കാരാണ്. ജനസംഖ്യയിൽ 48 ശതമാനവും ഒ. ബി. സിയാണ്.