
ന്യൂഡൽഹി : ഡൽഹിയിൽ കവർച്ചയ്ക്കിടെ വെടിയേറ്റു മരിച്ച മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം.കെ. വിശ്വനാഥൻ അന്തരിച്ചു. 82 വയസായിരുന്നു. സംഭവം നടന്ന് 15 വർഷത്തിന് ശേഷം നവംബർ 25നാണ് സൗമ്യയുടെ കൊലയാളികളെ കോടതി ശിക്ഷിച്ചത്. നീതിക്കായി വിശ്വനാഥൻ നിരന്തര പോരാട്ടം നടത്തി.
2008 സെപ്തംബർ 30ന് പുലർച്ചെ 03.30നായിരുന്നു കൊലപാതകം. ഹെഡ്ലൈൻസ് ടുഡെയിലെ (ഇപ്പോൾ ഇന്ത്യാടുഡെ) മാദ്ധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ ജോലി കഴിഞ്ഞു കാറോടിച്ച് വസന്ത് കുഞ്ജിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ പ്രതികൾ നെൽസൺ മണ്ടേല മാർഗിലെത്തിയപ്പോൾ സൗമ്യയെ വെടിവച്ച് കവർച്ച നടത്തിയെന്നാണ് പൊലീസ് കേസ്. സൗമ്യയുടെ തലയിലാണ് വെടിയേറ്റത്.