
ന്യൂഡൽഹി: ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വാതന്ത്ര്യം നേടിയനാൾ മുതൽ തുടരുന്ന വിവാദത്തിൽ സുപ്രീം കോടതിയുടെ തീർപ്പ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരം ജമ്മു കാശ്മീരിനില്ലെന്ന് വിധി. പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 കേന്ദ്രസർക്കാർ റദ്ദാക്കിയത് ശരിവച്ചു.
ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന പദവി കഴിവതുംവേഗം പുനഃസ്ഥാപിക്കണം. 2024 സെപ്തംബർ 30നകം തിരഞ്ഞെടുപ്പ് നടത്തണം.
കേന്ദ്രസർക്കാരിന്റെ നടപടികൾക്കും നിലപാടുകൾക്കും കരുത്തുപകരുന്നതാണ് വിധി.
2019 ആഗസ്റ്റ് അഞ്ചിനാണ് ആർട്ടിക്കിൾ 370 പ്രകാരം നൽകിയിരുന്ന പ്രത്യേക പദവി പിൻവലിക്കുകയും പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണഘടനാ ഉത്തരവിലൂടെ റദ്ദാക്കുകയും ചെയ്തത്. ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായും വിഭജിക്കുകയും ചെയ്തു.
ഇതിനെതിരെ നാഷണൽ കോൺഫറൻസും പി.ഡി.പിയും സി.പി.എം നേതാവ് മുഹമ്മദ് യൂസഫും അടക്കം സമർപ്പിച്ച 23 ഹർജികളിലാണ് വിധി.
ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ നടപടി അംഗീകരിച്ചു.
കാശ്മീരിൽ 1980 മുതൽ ഇങ്ങോട്ട് ഭരണകൂടം അടക്കം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്ന് കാശ്മീരി പണ്ഡിറ്റ് കൂടിയായ ജസ്റ്രിസ് സഞ്ജയ് കിഷൻ കൗൾ നിർദ്ദേശിച്ചു.
യുദ്ധ സാഹചര്യത്തിലെ
താത്കാലിക ആനുകൂല്യം
കോടതി:
# ഭരണഘടനാ നിർമ്മാണ സഭ നിലവിലില്ല എന്നതുകൊണ്ട് 370 സ്ഥിരമായി തുടരും എന്നർത്ഥമില്ല.
#പ്രത്യേക പദവി താത്കാലിക വ്യവസ്ഥ മാത്രമായിരുന്നു. യുദ്ധസാഹചര്യം മറികടക്കാനും സംസ്ഥാനമായി മാറാനും ഭരണഘടനയുടെ ഭാഗമാവാനും വേണ്ടിയാണ് 370 ബാധകമാക്കിയത്.
ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകാശ്മീരിനും ബാധകമെന്ന 2019ലെ രാഷ്ട്രപതിയുടെ ഭരണഘടനാ ഉത്തരവിൽ ദുരുദ്ദേശ്യമില്ല.
ഹർജിക്കാർ വാദിച്ചത് :
ജമ്മുകാശ്മീർ ഭരണഘടനാ നിർമ്മാണ സഭയ്ക്കുമാത്രമാണ് ആർട്ടിക്കിൾ 370 റദ്ദാക്കാൻ അധികാരമെന്ന് 370(3)ൽ പറയുന്നുണ്ട്. സഭ 1957ൽ ഇല്ലാതായതോടെ 370ന് റദ്ദാക്കാൻ കഴിയാത്തവിധം സ്ഥായിഭാവം കൈവന്നു.
തിരഞ്ഞെടുപ്പിലേക്ക്
#ലോക് സഭാ തിരഞ്ഞെടുപ്പിനൊപ്പമോ അതിനു ശേഷമോ ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും.
# രാമക്ഷേത്ര നിർമ്മാണത്തിന് ലഭിച്ച അനുകൂലവിധി പോലെ ഇതും ലോക് സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചരണായുധമാക്കും.
വിധി ഒറ്റക്കെട്ടായി
കേന്ദ്രസർക്കാർ നടപടികൾ ഒറ്രക്കെട്ടായാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചത്. പരസ്പരം യോജിച്ചു കൊണ്ടുതന്നെ മൂന്ന് വിധികൾ പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യ കാന്ത് എന്നിവർ ഒരു വിധിയുടെ ഭാഗമായി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും, ജസ്റ്റിസ് സഞ്ജീവ് ഖന്നയും ചീഫ് ജസ്റ്റിസിന്റെ വിധിയോട് ചേർന്നുകൊണ്ടുതന്നെ പ്രത്യേക വിധികൾ വായിച്ചു.
`ചരിത്രവിധി. സുപ്രീംകോടതി ഐക്യത്തിന്റെ സത്ത ഉറപ്പിച്ചു.'
-നരേന്ദ്രമോദി,
പ്രധാനമന്ത്രി
`എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണം. സംസ്ഥാന പദവി പുന:സ്ഥാപിക്കണം'
-അധിർ രഞ്ജൻ ചൗധരി,
കോൺഗ്രസ് ലോക് സഭാ നേതാവ്