
ന്യൂഡൽഹി : 476 പേജുള്ള ചരിത്ര വിധിയിൽ കാശ്മീരി ജനതയുടെ മുറിവുണക്കലിനുള്ള നിർദ്ദേശവുമായി കാശ്മീരി പണ്ഡിറ്ര് കൂടിയായ ജഡ്ജി എസ്.കെ. കൗൾ. കാശ്മീരിന്റെ ചരിത്രാതീതകാലം മുതലുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വിധിയിൽ, കാശ്മീരി പണ്ഡിറ്റുകൾ അടക്കം അനുഭവിച്ച യാതനകളെ കുറിച്ച് വേദനിച്ചു.
കാശംമീരി ജനത 1947 മുതലുള്ള സംഘർഷങ്ങളുടെ ഇരകളാണ്. രാഷ്ട്രീയ ഇടപെടലുകൾ പരിഹാരം കണ്ടില്ല. കാശ്മീരിന്റെ ചില ഭാഗങ്ങൾ മറ്റു രാജ്യങ്ങൾ കൈവശപ്പെടുത്തിയതിന്റെ അനന്തരഫലങ്ങളും അനുഭവിക്കുന്നു. 1980കൾ മുതൽ സംഘർഷാവസ്ഥയ്ക്ക് ആക്കം കൂടി. 1989-90 കാലയളവിൽ ജനസംഖ്യയിലെ ഒരു ഭാഗത്തിന്റെ പലായനത്തിന് അത് കാരണമായി. അത് സ്വന്തം ഇഷ്ടപ്രകാരമുള്ള യാത്രയായിരുന്നില്ല.
രാജ്യത്തിന്റെ പരമാധികാരം അപകടാവസ്ഥയിലാകുന്ന സാഹചര്യമുണ്ടായപ്പോൾ കരസേന താഴ്വരയിലെത്തി. ക്രമസമാധാനപാലനത്തിനല്ല, ശത്രു രാജ്യങ്ങളെ നേരിടാനാണ് കരസേന. വിദേശരാജ്യങ്ങളുടെ കടന്നുകയറ്റം തടയാൻ അവർ പ്രവർത്തിച്ചു. പക്ഷെ ജമ്മു കാശ്മീരിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ ലംഘനം
അന്വേഷിക്കണം
കാശ്മീരി ജനതയുടെ മുറിവുണക്കാൻ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണ കമ്മീഷൻ രൂപീകരണം. 1980 മുതൽ ഭരണകൂടവും മറ്റുള്ളവരും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കണം. കമ്മീഷൻ പരിഹാര നടപടികൾ ശുപാർശ ചെയ്യണം. ഓർമകൾ അപ്രത്യക്ഷമാകും മുൻപ് വേഗത്തിൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് എസ്.കെ. കൗൾ നിർദ്ദേശിച്ചു. വർണവിവേചനത്തിൽ മുറിവേറ്റ ദക്ഷിണാഫ്രിക്കയിലും, അടുത്തിടെ ശ്രീലങ്കയിലും ഇത്തരത്തിൽ കമ്മീഷനുകൾ രൂപീകരിച്ചിരുന്നതും ചൂണ്ടിക്കാട്ടി.