v-muraleedharan

ന്യൂഡൽഹി: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ എന്ന കെ.സുധാകരന്റെ ചോദ്യത്തിന് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ മന്ത്രിയുടെ പേരു മാറിപ്പോയത് തിരുത്തി കേന്ദ്രസർക്കാർ. വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്കു പകരം തന്റെ പേര് ചേർത്ത് തിരുത്തൽ വരുത്തിയ രേഖ മന്ത്രി വി. മുരളീധരൻ സഭയിൽ വച്ചു.

അതേസമയം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്തതിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ സ്‌പീക്കർ ഓം ബിർളക്ക് പരാതി നൽകി. നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയ മീനാക്ഷി ലേഖിയുടെ രാജിയും ആവശ്യപ്പെട്ടു. സഭ നിറുത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രനും ബെന്നി ബഹനാനും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.