mohan-yadav

 ചൗഹാൻ യുഗത്തിന് അന്ത്യം

ന്യൂഡൽഹി: ഛത്തീസ്ഗഢിന് പിന്നാലെ മദ്ധ്യപ്രദേശിലും മുഖ്യമന്ത്രിക്കസേരയിൽ അപ്രതീക്ഷിത മുഖത്തെ പ്രതിഷ്ഠിച്ച് ബി.ജെ.പി. മോഹൻ യാദവ് മുഖ്യമന്ത്രിയാകും. ഉജ്ജയിനിയിൽ നിന്നുള്ള ഒ.ബി.സി നേതാവാണ് ഈ 58കാരൻ.

ഇതോടെ,​ ശിവരാജ് സിംഗ് ചൗഹാൻ യുഗത്തിനാണ് അന്ത്യമാകുന്നത്. കഴിഞ്ഞ ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു മോഹൻ. 163 സീറ്റോടെ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ച ചൗഹാന് അഞ്ചാം വട്ടം നൽകുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. ഒരാഴ്‌ച നീണ്ട പാർട്ടി ചർച്ചകളിലൊന്നും ഇല്ലായിരുന്നു മോഹൻ. ജഗദീഷ് ദേവ്ദവ്, രാജേന്ദ്ര ശുക്ല എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. കേന്ദ്ര മന്ത്രിയായിരിക്കെ മത്സരിച്ച് വിജയിച്ച നരേന്ദ്ര സിംഗ് തോമറാണ് സ്പീക്കർ.

മോഹൻ യാദവ് ഗവർണർ മംഗുഭായ് സിംഗ് പട്ടേലിനെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ചു. 2005 മുതൽ മുഖ്യമന്ത്രിയായിരുന്ന ചൗഹാൻ ഗവർണർക്ക് രാജിക്കത്ത് നൽകി.

തോമർ, പ്രഹ്ളാദ് സിംഗ് പട്ടേൽ, പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ തുടങ്ങിയ പ്രമുഖരെ തള്ളിയാണ് ഭോപ്പാൽ ബി.ജെ.പി ആസ്ഥാനത്ത് നടന്ന യോഗത്തിൽ മോഹൻ യാദവിന്റെ പേരു കടന്നു വന്നത്. ചൗഹാൻ പേരു നിർദ്ദേശിച്ചു. മറ്റുള്ളവർ പിന്താങ്ങി.

ഉപമുഖ്യമന്ത്രിമാരാകുന്ന ജഗ‌ദീഷ് ദേവ്‌ഡയും രാജേന്ദ്ര ശുക്‌ളയുംചൗഹാൻ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്നു. ദേവ‌്‌ഡ എട്ടു തവണയായി മൽഹാർഗഡ് മണ്ഡലത്തെയും ശുക്‌ള 2003 മുതൽ രേവ മണ്ഡലത്തെയും പ്രതിനിധീകരിക്കുന്നു.

ഉജ്ജയിനിന്റെ

പ്രിയങ്കരൻ

 ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ ഉജ്ജയിനിലെ ജനകീയ നേതാവാണ് മോഹൻ യാദവ്. 2013ൽ ഉജ്ജയിൻ സൗത്തിൽ നിന്ന് ആദ്യ വിജയം. ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിന് പ്രിയങ്കരൻ

 സംസ്ഥാനത്ത് പാർട്ടിക്ക് തിരിച്ചടി നേരിട്ട 2018ലും ജയിച്ചു. ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി ചേതൻ പ്രേംനാരായൺ യാദവിനെതിരെ 12,941 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഹാട്രിക് ജയം

 ജ്യോതിരാദിത്യ സിന്ധ്യയുടെ വിമത നീക്കത്തിലൂടെ കമൽനാഥ് മന്ത്രിസഭ രാജിവച്ച് 2020ൽ ചൗഹാൻ സർക്കാർ വീണ്ടും അധികാരത്തിലേറിയപ്പോൾ മോഹന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ലഭിച്ചു

 1965 മാർച്ച് 25ന് ഉജ്ജയിനിൽ ജനിച്ച മോഹൻ, കോളേജിൽ ഡിഗ്രിക്ക് പഠിക്കെ എ.ബി.വി.പിയിലൂടെയാണ് രാഷ്‌ട്രീയത്തിലിറങ്ങുന്നത്

 ബി.എസ്‌സി, എൽ.എൽ.ബി, എം.ബി.എ ബിരുദങ്ങൾ സമ്പാദിച്ച ശേഷം 2006ൽ പൊളിറ്റിക്കൽ സയൻസിൽ എം.എയും 2009ൽ പിച്ച്.ഡിയും നേടി

ഞാൻ പാർട്ടിയുടെ എളിയ പ്രവർത്തകൻ മാത്രം. എല്ലാവരുടെയും സ്‌നേഹത്തോടും പിന്തുണയോടും കൂടി ഉത്തരവാദിത്വം നിറവേറ്റാൻ ശ്രമിക്കും

മോഹൻ യാദവ്,

നിയുക്ത മുഖ്യമന്ത്രി