
ന്യൂഡൽഹി: 370-ാം വകുപ്പ് റദ്ദാക്കി ജമ്മുകാശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നടപടി സുപ്രീംകോടതി ശരിവച്ചതോടെ കേന്ദ്ര സർക്കാരിന്റെ മനസിലുള്ള രീതിയിൽ കാര്യങ്ങൾ നീക്കാൻ വഴിയൊരുങ്ങുകയാണ്.
സെപ്തംബറിന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ, സമ്പൂർണ സംസ്ഥാന പദവി തിരികെ നൽകണമെന്ന നിർദ്ദേശമാണ് ചെറുതായെങ്കിലും കേന്ദ്രത്തിന് അലോസരമുണ്ടാക്കുന്നത്. 2019ൽ നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് അതിർത്തി പുന:നിർണയം അടക്കം നടപടികൾ കേന്ദ്രം പൂർത്തിയാക്കി. ഇപ്പോൾ നടക്കുന്ന ശൈത്യകാല സമ്മേളനത്തിൽ സംസ്ഥാന പുനർ നിർണയ ബിൽ പാസാക്കിയതും നിർണായകമാണ്. വിഭജനം പൂർണമാകാൻ ബിൽ നിയമമാകണം. ജമ്മുകാശ്മീർ സംവരണ ബില്ലും പാർലമെന്റ് പാസാക്കിയിട്ടുണ്ട്.
ഡൽഹി മോഡലോ?
സെപ്തംബർ വരെ സമയം നൽകിയതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് വീണ്ടും അധികാരത്തിലെത്തിയ ശേഷം കാശ്മീരിൽ നടത്തിയാൽ മതിയെന്ന സൗകര്യമുണ്ട്. ചിലപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടത്താനും മോദി സർക്കാർ മടിച്ചേക്കില്ല. നിലവിൽ കേന്ദ്ര സർക്കാരിന് സംസ്ഥാനത്തിന് മേൽ നല്ല നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് സമാധാനം നിലനിറുത്തുന്നതിലും ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ ഒരു പരിധിവരെ വിജയിച്ചു. ഡൽഹി മാതൃകയിൽ ക്രമസമാധാന പാലനം കൈയിൽ വച്ച് സംസ്ഥാനത്തെ നിയന്ത്രിക്കാനാകും കേന്ദ്ര സർക്കാരിന് താത്പര്യം.
അനുച്ഛേദം 370 റദ്ദാക്കൽ : കുറുക്കുവഴിക്ക് തല്ല്
ന്യൂഡൽഹി : വിധി കേന്ദ്രസർക്കാരിന് അനുകൂലമാണെങ്കിലും, അനുച്ഛേദം 370 റദ്ദാക്കാൻ തിരഞ്ഞെടുത്ത ഒരു കുറുക്കുവഴി സുപ്രീംകോടതി അംഗീകരിച്ചില്ല. അനുച്ഛേദം 370(3) പ്രകാരം കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ ശുപാർശയില്ലാതെ രാഷ്ട്രപതിക്ക് അനുച്ഛേദം 370 റദ്ദാക്കാൻ കഴിയില്ല. 1957ൽ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി പിരിച്ചുവിട്ടിരുന്നു. ഈസാഹചര്യത്തിലാണ് കുറുക്കുവഴി സ്വീകരിച്ചത്. ആദ്യം അനുച്ഛേദം 367 ഭേദഗതി ചെയ്ത് രാഷ്ട്രപതി ഭരണഘടനാ ഉത്തരവിറക്കി. കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ വ്യാഖ്യാനത്തിൽ ലെജിസ്ലെച്ചർ അസംബ്ലിയും ഉൾപ്പെടുമെന്ന് മാറ്രി. ലെജിസ്ലെച്ചർ അസംബ്ലിയുടെ അനുമതിയെന്നത് ഗവർണറുടെ അനുമതിയെന്നും ഭേദഗതി ചെയ്തു. അതിനു ശേഷമാണ് അനുച്ഛേദം 370 റദ്ദാക്കി അടുത്ത ഭരണഘടനാ ഉത്തരവിറക്കിയത്. ഈ നടപടി തെറ്രായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആദ്യത്തെ ഭരണഘടനാ ഉത്തരവിലെ പരാമർശം കോടതി റദ്ദാക്കി. അനുച്ഛേദം 370 താത്കാലിക വ്യവസ്ഥയായതിനാൽ രാഷ്ട്രപതിക്ക് റദ്ദാക്കലിന് അധികാരമുണ്ട്. ഇത്തരത്തിൽ രഹസ്യമായ രീതിയിലുള്ള ഭേദഗതി വിനാശകരമാണെന്നും കൂട്ടിച്ചേർത്തു.
കാശ്മീരിന്റെ ഗതി മാറ്റും
എം.പി. പ്രദീപ്കുമാർ
ന്യൂഡൽഹി : ഭീകരത തുടച്ചുനീക്കാനും മേഖലയെ വികസനത്തിലേക്ക് പിടിച്ചുയർത്താനും വിധി കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭീകരതയ്ക്കെതിരെയുള്ള നടപടികൾക്ക് ഇനി ശക്തി വർദ്ധിക്കും. കേന്ദ്ര നിയമങ്ങൾ കാശ്മീർ ജനതയ്ക്ക് കൂടി ലഭ്യമാകുന്ന സാഹചര്യം തുടരും.
ഭീകര പ്രവർത്തനം
അടിച്ചമർത്തും
1 കാശ്മീരിലെ ഭീകര ശൃംഖല തകർക്കാനുള്ള നടപടികൾക്ക് കരുത്ത് കൂട്ടും
2. പ്രശ്നബാധിത പ്രദേശങ്ങളെ സാധാരണനിലയിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും
3. കൂടുതൽ സ്കൂളുകളുംകോളേജുകളും, പൊതു സ്ഥാപനങ്ങളും സ്ഥാപിക്കാൻ നടപടികൾ
4. വിദ്യാഭ്യാസ അവകാശ നിയമവും പട്ടികവിഭാഗ സംവരണവും കാര്യക്ഷമമായി നടപ്പാക്കാൻ കഴിയും
5. കൂടുതൽ ജോലികൾ, ടൂറിസം വികസനം
6. സ്വകാര്യ നിക്ഷേപങ്ങൾ വർദ്ധിക്കും
കാശ്മീർപ്രതികരണങ്ങൾ
`വിധിയിൽ കാശ്മീർ ജനത സന്തുഷ്ടരല്ല. മേഖലയുടെ വൈകാരികതയുമായി ബന്ധപ്പെട്ട വിഷയം.'
-ഗുലാം നബി ആസാദ്,
ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി
`വിധിയിൽ നിരാശ. പോരാട്ടം തുടരും.'
-ഒമർ അബ്ദുള്ള, മുൻ മുഖ്യമന്ത്രി,
നാഷണൽ കോൺഫറൻസ്
`ജമ്മു കാശ്മീരിലെ ഒരു വിഭാഗത്തിന് വിധിയിൽ തൃപ്തിയില്ല. നിരാശരാകാതെ അടുത്ത തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.'
-കരൺ സിംഗ്, കോൺഗ്രസ്,
മഹാരാജാ ഹരി സിംഗിന്റെ മകൻ
`കാശ്മീർ ജനത പ്രതീക്ഷ കൈവിടില്ല. അന്തസിനുള്ള പോരാട്ടം തുടരും.'
-മെഹ്ബൂബ മുഫ്തി,
മുൻ മുഖ്യമന്ത്രി, പി.ഡി.പി
വിധി അസ്വസ്ഥപ്പെടുത്തുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും. ഫെഡറൽ സംവിധാനത്തെ ബാധിക്കും.
-സീതാറാം യെച്ചൂരി,
സി.പി.എം ജനറൽ സെക്രട്ടറി