supreme

ന്യൂഡൽഹി: ജുഡിഷ്യൽ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കേന്ദ്രസർക്കാർ അടയിരിക്കുന്നുവെന്ന ഹർജികൾ പൊടുന്നനെ സുപ്രീംകോടതിയുടെ പരിഗണനാപട്ടികയിൽ നിന്ന് നീക്കിയതിന്റെ കാരണം തേടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകി. ഡിസംബർ അഞ്ചിന് ഹർജികൾ ആദ്യം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അറിയാനാണ് ഹർജിക്കാരുടെ അഭിഭാഷകന്റെ ശ്രമം. ജഡ്ജിയുടെ അറിവ് പോലുമില്ലാതെയുള്ള നടപടി അസ്വാഭാവികമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഒഴിവാക്കലിൽ, ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എസ്.കെ. കൗൾ നേരത്തേ തുറന്നകോടതിയിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്നും പ്രതികരിച്ചിരുന്നു. കൊളീജിയം ശുപാർശകൾ അംഗീകരിക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷൻ സമർപ്പിച്ച പൊതുതാത്പര്യഹർജിയാണ് കോടതിക്ക് മുന്നിലുള്ളത്.