
ന്യൂഡൽഹി: രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ കൃത്യമായ കണക്ക് ശേഖരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ. രഹസ്യസ്വഭാവത്തോടെയാണ് രാജ്യത്തേക്ക് കടക്കുന്നത്. അവരെ കണ്ടെത്തി തിരിച്ചയയ്ക്കുന്നത് സങ്കീർണമായ പ്രക്രിയയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൗരത്വ നിയമത്തിലെ 6 എ വകുപ്പ് പ്രകാരം 17,861 പേർക്ക് പൗരത്വം നൽകി. 1966 ജനുവരി ഒന്നിന് ശേഷവും, 1971 മാർച്ച് 25ന് മുൻപും അസാമിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് വകുപ്പ് 6 എ.
അതിർത്തിയിലെ നിരീക്ഷണത്തിന് അടക്കം സ്വീകരിച്ച നടപടികളും അറിയിച്ചു. അസാം അടക്കം സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റക്കാരുടെ കണക്കുകൾ കോടതി തേടിയിരുന്നു. കുടിയേറ്റങ്ങൾ അസാമിലെ സാംസ്കാരിക സ്വത്വത്തെ ബാധിച്ചുവെന്ന ഹർജികളിലാണിത്. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റി.