
ന്യൂഡൽഹി: വധശിക്ഷയ്‌ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഉയർത്തിയ എതിർപ്പ് ഡൽഹി കോടതി തള്ളി. സനയിലെ എയർലൈൻ കമ്പനി സി.ഇ.ഒ ആയ തമിഴ്നാട് സ്വദേശി സാമുവേൽ ജെറോം മോചനശ്രമങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. നാട്ടിലുള്ള അദ്ദേഹത്തോടൊപ്പം നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാം. ഇതിനാവശ്യമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
യാത്ര സ്വന്തം ഉത്തരവാദിത്വം
സനയിൽ വിമതരുടെ ഭരണമാണെന്നും, സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. ബന്ദിയായാൽ മോചനദ്രവ്യവും നൽകില്ല. സ്വന്തം ഉത്തരവാദിത്വത്തിൽ പോകണമെന്നും കേന്ദ്രം വ്യക്തമാക്കി. നിലപാട് ദൗർഭാഗ്യകരമാണെന്ന് പ്രേമകുമാരിക്ക് വേണ്ടി ഹാജരായ അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ അറിയിച്ചു. മകളുടെ ജീവൻ രക്ഷിക്കാൻ അമ്മ യാത്രാനുമതി തേടുമ്പോൾ ഇത്രയും ശക്തമായി എന്തിന് എതിർക്കുന്നുവെന്ന് കോടതി ചോദിച്ചു. യാത്രാവിവരം അമ്മ കേന്ദ്രത്തിന് നൽകണം. സ്വന്തം ഉത്തരവാദിത്വത്തിലാണ് പോകുന്നതെന്ന സത്യവാങ്മൂലം കൈമാറണമെന്നും നിർദ്ദേശിച്ചു.