
ന്യൂഡൽഹി: മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പി കന്നി എം.എൽ.എയായ ബ്രാഹ്‌മണ നേതാവ് ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.
ജാതിസമവാക്യം പാലിക്കാൻ രാജകുടുംബാംഗവും രാജ്‌പുത് സമുദായക്കാരിയുമായ വിദ്യാനഗർ എം.എൽ.എ ദിയാകുമാരിയും ദളിത് നേതാവായ ഡുഡു എം.എൽ.എ പ്രേചന്ദ്ര ഭൈരവയും ഉപമുഖ്യമന്ത്രിമാരാകും. അജ്‌മീർ നോർത്ത് എം.എൽ.എയും സിന്ധി സമുദായാംഗവുമായ വസുദേവ് ദേവ്‌നാനിയാണ് സ്‌പീക്കർ.
30 എം.എൽ.എമാരെ വച്ച് വിലപേശിയ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞു. എന്നാൽ മകൻ ദുഷ്യന്ത് സിംഗ് എം.പിക്ക് സംസ്ഥാനത്തോ, ദേശീയ തലത്തിലോ മികച്ച സ്ഥാനം നൽകാമെന്ന ഉറപ്പിൽ വസുന്ധര പിൻവാങ്ങിയതാണെന്നും അറിയുന്നു. വസുന്ധര തന്നെയാണ് ഭജൻലാൽ ശർമ്മയുടെ പേര് നിർദ്ദേശിച്ചത്.
ഛത്തീസ്ഗഡിൽ വിഷ്ണു ദേവ് സായി, മധ്യപ്രദേശിൽ മോഹൻ യാദവ് എന്നിവരെ പ്രഖ്യാപിച്ചതുപോലെ അവസാന നിമിഷം വരെ സസ്‌പെൻസ് ആയിരുന്നു.
നിയമസഭാ കക്ഷി യോഗത്തിന് മുൻപെടുത്ത എം.എൽ.എമാരുടെ ഗ്രൂപ്പ് ഫോട്ടോയിൽ മൂന്നാം നിരയിലായിരുന്ന ഭജൻ ലാൽ ശർമ്മയും പദവി പ്രതീക്ഷിച്ചില്ല.
യോഗത്തിന് ശേഷം ഭജൻലാൽ ശർമ്മ, ദിയാ കുമാരി, പ്രേചന്ദ്ര ഭൈരവ, വസുന്ധര രാജെ, കേന്ദ്ര നിരീക്ഷകനും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് എന്നിവർ ഗവർണർ കൽരാജ് മിശ്രയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു.
അശോക് ഗെലോട്ടിന്റെ കോൺഗ്രസ് സർക്കാരിനെതിരെ ബി. ജെ. പി ഉജ്ജ്വല വിജയം നേടി ഒമ്പത് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി പ്രഖ്യാപനം. ഗെലോട്ടും ബി.ജെ.പി നേതാവ് വസുന്ധരെയും മാറി മാറി ഭരിച്ച 25 വർഷത്തെ പതിവും ഇതോടെ അവസാനിച്ചു.
കന്നി എം.എൽ.എ മുഖ്യമന്ത്രിയായി
ജയ്‌പൂരിലെ സംഗനേറിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയപ്പോൾ തന്നെ സംസ്ഥാനത്തെ 14-ാം മുഖ്യമന്ത്രിയാകാനുള്ള അപൂർവ ഭാഗ്യമാണ് 56 കാരനായ ഭജൻലാൽ ശർമ്മയ്ക്ക്. ഗോത്ര നേതാവ് വിഷ്ണു ദിയോ സായിയെ ഛത്തീസ്ഗഢിലും ഒ.ബി.സി വിഭാഗത്തിലെ മോഹൻ യാദവിനെ മധ്യപ്രദേശിലും മുഖ്യമന്ത്രിമാരാക്കിയ ബി.ജെ.പി രാജസ്ഥാനിൽ സവർണ നേതാവിനെ ആഗ്രഹിച്ചതും ശർമ്മയ്‌ക്ക് നേട്ടമായി.
നാല് തവണ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മികച്ച സംഘാടന ശൈലിയും പാർട്ടിയിലെ സ്വാധീനവും കേന്ദ്ര നേതൃത്വത്തെ ആകർഷിച്ചു. പൊളിറ്റിക്കൽ സയൻസിൽ എം.എ ബിരുദമുള്ള ശർമ്മ എ.ബി.വി.പിയിലൂടെയാണ് രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത്. ഭരത്‌പൂർ സ്വദേശി.
രജപുത്രരും ജാട്ടുകളും പ്രബലരായ രാജസ്ഥാനിൽ ബ്രാഹ്മണ മുഖ്യമന്ത്രി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സംസ്ഥാന ജനസംഖ്യയിൽ ഏഴുശതമാനവും ബ്രാഹ‌്‌മണരാണ്. ജാട്ട് കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ച രജപുത്രയായ വസുന്ധര രാജെ എല്ലാവർക്കും സ്വീകാര്യയായിരുന്നു.