
ന്യൂഡൽഹി: ശബരിമലയിൽ ഭക്തർ നേരിടുന്ന ദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ലോക്സഭയിൽ ടി.എൻ പ്രതാപൻ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച് പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഇന്നലെ രാവിലെ യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചു. യു.ഡി.എഫ്-എൽ.ഡി.എഫ് എം.പിമാരുടെ വാക്ക്പോരുമുണ്ടായി.
തിരക്ക് കുറയ്ക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സംസ്ഥാന സർക്കാരിന് താല്പര്യമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതാപൻ ചൂണ്ടിക്കാട്ടി. പ്രമേയം സ്പീക്കർ പരിഗണിച്ചില്ല.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ കെ.സി.വേണുഗോപാൽ പറഞ്ഞു. മുന്നൊരുക്കത്തിലും വീഴ്ചയുണ്ടായി. കാബിനറ്റും ഉദോഗസ്ഥരുമെല്ലാം നവകേരള യാത്രയിലാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും ശബരിമലയിൽ ക്യാമ്പ് ചെയ്ത് ഏകോപനം നടത്തണം. ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിളിക്കാം.
ശബരിമലയെ വിവാദ കേന്ദ്രമാക്കി കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് അവസരം സൃഷ്ടിക്കുകയാണ് കോൺഗ്രസ് എം.പിമാരെന്ന് സി.പി.എം അംഗം പി. സന്തോഷ് കുമാർ കുറ്റപ്പെടുത്തി.
ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.