parliament

ന്യൂഡൽഹി: പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഭേദഗതികൾ നിർദ്ദേശിച്ചതിനെ തുടർന്ന് ഇന്നലെ പിൻവലിക്കാൻ തീരുമാനിച്ച മൂന്ന് ക്രിമിനൽ ഭേദഗതി ബില്ലുകൾ പുതിയ രൂപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌‌സഭയിൽ അവതരിപ്പിച്ചു. ബില്ലുകൾ നാളെ ചർച്ച ചെയ്‌ത് പാസാക്കും. 1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരമുള്ള ഭാരതീയ ന്യായ സംഹിത ബിൽ (ബി.എ.എസ് )​, 1898ലെ ക്രിമിനൽ നടപടിക്രമത്തിന് (സി.ആർ.പി.സി) പകരമുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ (ബി.എൻ.എസ്.എസ്), 1872ലെ ഇന്ത്യൻ എവിഡൻസ് ആക്‌ട് (തെളിവ് നിയമം) ഭേദഗതി ചെയ്‌ത ഭാരതീയ സാക്ഷ്യ ബിൽ ( ബി. എസ് )​ എന്നിവയാണ് വീണ്ടും അവതരിപ്പിച്ചത്. നിയമങ്ങളിലെ ഏതാനും വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനൊപ്പം വ്യാകരണ തിരുത്തലും വരുത്തിയെന്ന് അമിത് ഷാ പറഞ്ഞു. നിയമത്തിൽ 'മാനസിക രോഗം' എന്നതിനുപകരം 'അസുഖമില്ലാത്ത മനസ്സ് എന്ന പദം വേണമെന്ന് ബി.ജെ.പി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. കുറ്റാരോപിതനായ ഒരാൾ കുറ്റകൃത്യം ചെയ്‌ത സമയത്ത് മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിൽ ആയിരുന്നുവെന്ന് വാദിച്ച് രക്ഷപ്പെടാനുള്ള വഴി അടയ്‌ക്കാനാണിത്. മൂന്നു ബില്ലുകളും പൗരന്മാർക്ക് ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അമിത് ഷാ പറഞ്ഞു. ബി.എൻ.എസ്.എസ് ബില്ലിൽ 533 വകുപ്പുകളുണ്ട്. 160 വകുപ്പുകൾ മാറ്റി, ഒമ്പതെണ്ണം ചേർത്തു, ഒമ്പതെണ്ണം റദ്ദാക്കി. ബി.എ.എസ് ബില്ലിൽ നേരത്തെ ഉണ്ടായിരുന്ന 511 വകുപ്പുകൾക്ക് പകരം 356 വകുപ്പുകൾ. 175 വകുപ്പുകൾ ഭേദഗതി ചെയ്യുകയും 8 പുതിയ വകുപ്പുകൾ ചേർക്കുകയും 22 വകുപ്പുകൾ റദ്ദാക്കുകയും ചെയ്‌തു. തെളിവ് നിയമത്തിന് പകരമായി വരുന്ന ഭാരതീയ സാക്ഷ്യ ബില്ലിൽ നേരത്തെ ഉണ്ടായിരുന്ന 167-ന് പകരം 170 വകുപ്പുകൾ വന്നു. 23 വകുപ്പുകൾ മാറ്റുകയും പുതിയതൊന്ന് ചേർക്കുകയും അഞ്ചെണ്ണം റദ്ദാക്കുകയും ചെയ്തുവെന്നും മന്ത്രി അറിയിച്ചു.