
ന്യൂഡൽഹി: ജമ്മുകാശ്മീർ നിയമസഭയിൽ സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്ന ജമ്മു കാശ്മീർ പുനഃസംഘടന (രണ്ടാം ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കി. ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നുപേർ സ്ത്രീകളായിരിക്കണമെന്ന 128-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ആനുപാതികമായുള്ളതാണിത്. പുതുച്ചേരി നിയമസഭയിൽ സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾക്കായുള്ള (ഭേദഗതി) ബില്ലും പാസാക്കി.
ജമ്മുകാശ്മീർ പുനഃസംഘടന ബില്ലിന് പൂർണ്ണ പിന്തുണ അറിയിച്ച എ.എം.ആരിഫ് എം.പി അവിടെ നിന്നുള്ള നേതാക്കളായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയാൽ എങ്ങനെ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ലോക്‌സഭയിൽ ചോദിച്ചു.