mk

ഒക്‌ടോബർ 9ന് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ജയിച്ചാൽ പുതിയ മുഖ്യമന്ത്രിമാരെ കൊണ്ടുവരാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. മദ്ധ്യപ്രദേശിൽ ഭരണം നിലനിറുത്തുകയും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിനെ പുറത്താക്കുകയും ചെയ്‌തതോടെ പുതിയ താരോദയങ്ങൾക്ക് പാർട്ടി കേന്ദ്ര നേതൃത്വം വഴി തുറന്നു. ഭരണം നിലനിറുത്തിയിട്ടും മദ്ധ്യപ്രദേശിൽ 2005 മുതൽ താൻ അലങ്കരിക്കുന്ന മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത് ശിവ്‌രാജ് സിംഗ് ചൗഹാനും രാജസ്ഥാൻ അടക്കി വീണ വസുന്ധര രാജെ സിന്ധ്യയും 2003 മുതൽ 2018 വരെ മുഖ്യമന്ത്രി പദം വഹിച്ച രമൺസിംഗും പിന്നണിയിലേക്ക് നീങ്ങി.

പുതുമുഖ പരീക്ഷണം പതിവ്

സംസ്ഥാനങ്ങളിൽ പാർട്ടി ഭരണത്തിലെത്തുന്നത് പാർട്ടിയുടെ ശക്തിയുടെ തെളിവാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കരുനീക്കങ്ങൾ നടത്താറ്. അതുകൊണ്ടു തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെയും അദ്ദേഹം നൽകിയ ഉറപ്പുകളെയും കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.

മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളിലെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും തീരുമാനങ്ങളും നയങ്ങളും കൃത്യമായി നടപ്പാക്കുന്നവരുമാകണമെന്ന് നിർബന്ധമുണ്ട്. മറ്റ് പാർട്ടികളിൽ നിന്ന് അധികാരം പിടിച്ചെടുക്കുമ്പോഴും ഭരണത്തുടർച്ച ലഭിക്കുമ്പോഴും മുഖ്യമന്ത്രിമാരെ മാറ്റുകയോ, നിലനിറുത്തുകയോ ചെയ്യുന്നതിന് ഇതു മാനദണ്ഡമാകുന്നു. 2016ൽ കോൺഗ്രസിൽ നിന്ന് ഭരണം പിടിച്ച അസാമിൽ പാർട്ടി നേതാവായ സർബാനന്ദ സോണോവാളിനെ മാറ്റി കോൺഗ്രസിൽ നിന്നു വന്ന ഹിമന്തബിശ്വ ശർമ്മ, ഗോവയിൽ പ്രമോദ് സാവന്ത്, അരുണാചൽ പ്രദേശിൽ പ്രേമ ഖണ്ഡു എന്നിവർ പുമുമുഖങ്ങളായിരുന്നു.

കർണാടകയിൽ യെദിയൂരപ്പയ്‌ക്ക് പകരം ബസവാരജ് ബൊമ്മൈ, ത്രിപുരയിൽ ബിപ്ളവ് കുമാറിന് പകരം മണിക് സാഹയെയും നിയമിച്ചിരുന്നു. ബി.ജെ.പി കോട്ടയായ ഗുജറാത്തിൽ മോദിയുടെ പിൻഗാമികളായി നിലവിലെ ഭൂപേന്ദ്ര ഭായ് പട്ടേൽ അടക്കം മൂന്നുപേർ വന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് രണ്ടാം തവണയും അവസരം നൽകിയത് അദ്ദേഹത്തിന് സംസ്ഥാന രാഷ്‌ട്രീയത്തിലുള്ള പ്രസക്തി വിലയിരുത്തിയാണ്.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ആദ്യമായി സഭയിലെത്തുന്ന നേതാവാണ്. എന്നാൽ ബി.ജെ.പിയിലൂടെ സംഘടനാ പാടവം തെളിയിച്ചിരുന്നു. ആർ.എസ്.എസ് ബന്ധവും നേട്ടമായി.

സിന്ധ്യ രാജകുടുംബത്തിൽ നിന്നുള്ള വസുന്ധര രാജെയെ മാറ്റി ഭജൻലാലിനെ കൊണ്ടുവരുമ്പോൾ ബി.ജെ.പി കൃത്യമായ സന്ദേശം നൽകുന്നു. മുഖ്യമന്ത്രിയെന്ന നിലയിലെ പരിചയത്തെക്കാൾ പാർട്ടിക്കുള്ളിലെ സ്വീകാര്യതയാണ് മുഖ്യം. വസുന്ധരയ്‌ക്ക് പാർട്ടിക്കുള്ളിൽ സ്വാധീനമുണ്ടെങ്കിലും നരേന്ദ്രമോദി-അമിത് ഷാ ദ്വയത്തിന് അനഭിമതയായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വസുന്ധരയുടെ നേതൃത്വം രാജസ്ഥാനിൽ പാർട്ടിക്ക് ആവശ്യമില്ലെന്ന സന്ദേശവും ബി.ജെ.പി നൽകുന്നു.

മദ്ധ്യപ്രദേശിൽ 2005 മുതൽ മുഖ്യമന്ത്രി പദത്തിലുള്ള ശിവ്‌രാജ് സിംഗ് ചൗഹാന് 2018ലേ ഇളക്കം തട്ടിയിരുന്നു. അന്ന് കോൺഗ്രസ് ഭരണത്തിലേറിയതോടെ തീരുമാനമെടുക്കേണ്ടി വന്നില്ല. എന്നാൽ ജ്യോതിരാദിത്യസിന്ധ്യയുടെ സഹായത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിലേറിയപ്പോൾ ചൗഹാന് വീണ്ടും അവസരം നൽകാൻ പാർട്ടി തീരുമാനിച്ചു. ഇക്കുറി വൻ വിജയം നേടിയെങ്കിലും മുൻതീരുമാന പ്രകാരം പുതിയ നേതാവിനെ ഇറക്കുകയായിരുന്നു പാർട്ടി. ഭരണവിരുദ്ധ തരംഗം അതിജീവിച്ച് ഭരണത്തുടർച്ച നേടിയ സംസ്ഥാനത്ത് പാർട്ടിയുടെ സ്വാധീനം നിലനിറുത്താൻ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കാൻ തങ്ങളുടെ ചൊൽപ്പിടിക്ക് നിൽക്കുന്ന ആൾ വേണമെന്ന കേന്ദ്ര നേതൃത്വം തീരുമാനമാണ് മോഹൻ യാദവിലേക്ക് എത്തിച്ചത്. ഛത്തീസ്ഗഢിൽ ലഭ്യമായ നേതാക്കളിൽ പ്രമുഖൻ മാത്രമായിരുന്നു മുൻ മുഖ്യമന്ത്രി രമൺ സിംഗ്. അതിനാൽ അദ്ദേഹത്തെ മാറ്റി നിറുത്തുക ബുദ്ധിമുട്ടായില്ല.

ഛത്തീസ്ഗഢിൽ വിഷ്ണു ദേവ് സായിയും മദ്ധ്യപ്രദേശിലെ മോഹൻ യാദവും രാജസ്ഥാനിലെ ഭജൻലാൽ ശർമ്മയും മുഖ്യമന്ത്രി പദ പ്രഖ്യാപനത്തിന് മുൻപുവരെ ചർച്ചകളിലൊന്നും ഉയർന്നുവന്നിരുന്നില്ല. രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗത്തിന് മുൻപ് നടന്ന ഫോട്ടോ സെഷനിൽ മൂന്നാം നിരയിൽ അപ്രസക്തനായി നിൽക്കുന്ന ഭജൻലാൽ ശർമ്മയുടെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മൂന്നിടത്തും പുതുമുഖങ്ങൾ വേണമെന്ന് ആദ്യമേ തീരുമാനിച്ച കേന്ദ്ര നേതൃത്വം സാദ്ധ്യതാ പട്ടികയിലുള്ളവരുടെപേരുകൾ അവസാന നിമിഷം വരെ പുറത്തുവിട്ടില്ല. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും പേരുകളായിരുന്നു മാദ്ധ്യമ ചർച്ചകളിൽ നിറഞ്ഞത്. ആ സസ്‌പെൻസ് നീണ്ടതോടെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഒരാഴ്‌ചയിലേറെ നീണ്ടു.

ജാതിസമവാക്യം

പാലിച്ച് നിയമനം

കോൺഗ്രസ് ജാതി സെൻസസ് രാഷ്‌ട്രീയ വിഷയമായി ഉയർത്തവെ അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സമവാക്യങ്ങൾ പാലിക്കാനുള്ള ബി.ജെ.പിയുടെ മാസ്റ്റർപ്ലാനിന്റെ ഭാഗമായാണ് പുതിയ മുഖ്യമന്ത്രിമാരുടെ നിയമനം. ഛത്തീസ്ഗഢിലെ ഗോത്രമേഖലയായ സുർഗുജയിലും ബസ്തറിലുമായി 26 സീറ്റുകളിൽ 22ലും ബി.ജെ.പി വിജയിച്ചപ്പോൾ, ആദിവാസി സമുദായത്തിൽപ്പെട്ട വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയാക്കിയതിലെ രാഷ്‌ട്രീയം വ്യക്തം. രാഷ്‌ട്രപദത്തിലെത്തിയ ദ്രൗപദി മുർമുവിനെ ഉയർത്തിക്കാട്ടിയായിരുന്നു ഈ മേഖലകളിൽ പാർട്ടി പ്രചാരണം നടത്തിയതും. ജനസംഖ്യയുടെ 32 ശതമാനം ആദിവാസി വിഭാഗങ്ങളുള്ള സംസ്ഥാനത്ത് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ 2024-ലെ പൊതുതിരഞ്ഞെടുപ്പിലും അവരുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കുന്നു. ഛത്തീസ്ഗഢുമായി അതിർത്തി പങ്കിടുന്ന ആറ് സംസ്ഥാനങ്ങളിലെ ഏതാണ്ട് 22 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങളെയും തീരുമാനം സ്വാധീനിച്ചേക്കാം.

ഹിന്ദി ബെൽറ്റിലെ 75 ലോക്‌സഭാ സീറ്റുകളിൽ 20 എണ്ണം ഗോത്രവർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടവയാണെന്നും ഓർക്കണം.

മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി യാദവ സമുദായത്തിൽ(ഒ.ബി.സി) നിന്നുള്ള ആളും ഉപമുഖ്യമന്ത്രിമാരിൽ ജഗദീഷ് ദേവ്ദ ദളിതും രാജേന്ദ്ര ശുക്ല ബ്രാഹ്മണനുമാണ്. സ്‌പീക്കറായി ഒരു താക്കൂർ സമുദായാംഗമായ മുൻ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിനെ തിരഞ്ഞെടുത്തു. ബ്രാഹ്മണ സമുദായത്തിന് സംസ്ഥാന വോട്ടുബാങ്കിൽ വലിയ സ്വാധീനമില്ലെങ്കിലും അവരെ കൈവിടില്ലെന്ന സൂചന ജഗദീഷ് ദേവ്ദയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയതിലൂടെ നൽകി. മദ്ധ്യപ്രദേശിൽ യാദവർ ആകെ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണെങ്കിലും ബീഹാറിലെയും യു.പിയിലെയും സ്വാധീനം കണക്കിലെടുക്കുമ്പോൾ മോഹൻയാദവിന്റെ നിയമനത്തിന് പ്രസക്തിയേറെ.

രാജസ്ഥാനിൽ ബ്രാഹ്മണർക്ക് രാഷ്ട്രീയ സ്വാധീനമില്ല.എന്നാൽ അയൽ സംസ്ഥാനങ്ങളിലും പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പിയുടെ പരമ്പരാഗത സവർണ വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ അത് അനിവാര്യമായി. രാജസ്ഥാനിൽ ഏതാണ്ട് ഏഴു ശതമാനം മാത്രമാണ് ബ്രാഹ്മണർ. വടക്കുകിഴക്കൻ അതിർത്തി പങ്കിടുന്ന യുപിയിൽ, ജനസംഖ്യയുടെ 10 ശതമാനത്തോളം ബ്രാഹ്മണരുണ്ട്. ഹരിയാനയിൽ 12 ശതമാനം. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും അവർ അഞ്ച് ശതമാനം വീതമാണ്.

ഇവിടങ്ങളിൽ നിന്നുള്ള 145 എം.പിമാരിൽ 114 പേർ 'ബ്രാഹ്മണർ അടങ്ങിയ 'പൊതുവിഭാഗം' സീറ്റുകളിൽ നിന്നുള്ളവരാണ്.

അതേസമയം രാജസ്ഥാനിലെ രജപുത്ര വിഭാഗങ്ങളെ തൃപ്‌തിപ്പെടുത്താൻ രാജകുടുബാംഗം കൂടിയായ ദിയാ കുമാരിയെ ഉപമുഖ്യമന്ത്രിയാക്കി. രണ്ടാമത്തെ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈർവ ദളിത് നേതാവാണ്.


മുൻ എം.പിമാരുടെയും

സിന്ധ്യയുടെയും ഭാവി

മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിസ്ഥാനങ്ങൾ നിർണയിക്കപ്പെട്ടതോടെ അവിടെ ജയിച്ച മുൻ എം.പിമാരുടെ റോളും മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ട കേന്ദ്ര മന്ത്രി ജ്യോതിരാദിത്യസിന്ധ്യയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യം ബാക്കിയാകുന്നു.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ച മുൻ എം.പി പ്രഹ്‌ളാദ് സിംഗ് പട്ടേൽ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ എന്നിവർക്ക് ഒരു പദവിയും ലഭിച്ചില്ല. മുൻ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ സ്‌പീക്കറായി. രാജസ്ഥാനിൽ എം.എൽ.എമാരായി തിരഞ്ഞെടുക്കപ്പെട്ട മുൻ എം.പിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രാജ്യവർദ്ധൻ റാത്തോർ, ഛത്തീസ്ഗഢിൽ രേണുകാ സിംഗ് എന്നിവർക്ക് പാർട്ടി എന്തു റോൾ നൽകുമെന്നും കാത്തിരുന്ന് കാണാം.