supreme-court-of-india

ന്യൂഡൽഹി:സാമ്പത്തികമായി ഞെരുക്കുന്ന തരത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഇടപെടൽ തടയണമെന്നും അത്തരത്തിലുള്ള നിയമഭേദഗതികൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ. കടമെടുപ്പ് പരിധിയിലെ നിയന്ത്രണത്തിൽ അടക്കം ബാധകമാക്കിയ നിർദ്ദേശങ്ങൾ സ്റ്റേ ചെയ്യണം. കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലാണ് കടന്നുകയറ്റം.

എക്സിക്യൂട്ടീവ് നടപടികളിലൂടെ സാമ്പത്തിക പ്രക്രിയയെ നിയന്ത്രണത്തിലാക്കാനാണ് ശ്രമിക്കുന്നത്. ട്രഷറി പ്രവർത്തനം പോലും തടസപ്പെടുമെന്ന് ആശങ്കയുണ്ട്. ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 26,226 കോടി അടിയന്തരമായി ആവശ്യമുണ്ടെന്നും ചീഫ് സെക്രട്ടറി വി. വേണു, സർക്കാർ അഭിഭാഷകൻ സി.കെ. ശശി മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. അതു സമാഹരിക്കാൻ കേന്ദ്രം അനുവദിക്കണം.

2016 മുതൽ 2023 വരെ 1,07,513.09 കോടിയുടെ സഞ്ചിത ചെലവ് നഷ്ടം സർക്കാരിനുണ്ടായി. മുതിർന്ന അഭിഭാഷകരായ ഫാലി എസ്. നരിമാൻ,​ കപിൽ സിബൽ എന്നിവരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജി തയ്യാറാക്കിയത്.

 അനുച്ഛേദം 131: കോടതിക്ക് ഇടപെടാം

കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും തമ്മിൽ എതെങ്കിലും വിഷയത്തിൽ തർക്കമുണ്ടായാൽ തീർപ്പുണ്ടാക്കാൻ സുപ്രീംകോടതിക്ക് സവിശേഷാധികാരം നൽകുന്നതാണ് ഭരണഘടനയിലെ അനുച്ഛേദം 131. ഈ വ്യവസ്ഥ പ്രകാരമാണ് ഒറിജിനൽ സ്യൂട്ട് ആയി ഹർജി സമർപ്പിച്ചത്.