
ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആവശ്യകതയെ സർക്കാർ ന്യായീകരിച്ചിരുന്നത് അത്യാധുനിക സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു. അതെല്ലാം നിഷ്ഫലമായതാണ് ഇന്നലെ കണ്ടത്. 2001ൽ ഭീകരർ ആക്രമിച്ചപ്പോഴും ഉള്ളിൽ കടക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ യുവാക്കൾ സഭയിലേക്ക് എടുത്തുചാടുന്നത് തടയാൻ പോലും സാധിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ സഭയിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവം വൻ വനാണക്കേടായി.
സുരക്ഷാ ഉദ്യോഗസ്ഥർ തീർത്ത വൻകോട്ടയിൽ അത്യാധുനിക സാങ്കേതിക വിദ്യകളും പരമ്പരാഗത സുരക്ഷാരീതികളും സംശയാസ്പദമായ വാഹനങ്ങളെ തടയാൻ ടയർ കില്ലറുകളും റോഡ് ബ്ലോക്കറുകളും സ്ഥാപിച്ചിരിക്കുന്നു. ഏകോപനത്തിനായി ജോയിന്റ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ. പുതിയ മന്ദിരത്തിൽ ഹൈടെക് സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് നിരീക്ഷണവും ഏർപ്പെടുത്തിയെങ്കിലും അതൊന്നും പ്രയോജനപ്പെട്ടില്ല.
വിവിധ ഏജൻസികൾ
പാർലമെന്റ് പ്രവേശന കവാടത്തിൽ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ യൂണിറ്റും സി.ആർ.പി.എഫിന്റെ വൻസംഘവും നിലയുറപ്പിച്ചിരിക്കുന്നു. സുരക്ഷയുടെ അടുത്ത തലങ്ങളിൽ സി.ഐ.എസ്.എഫ്, ഫയർ സർവീസ് തുടങ്ങിയവയും. ഇരുമ്പ് ഗേറ്റുകളും, ഡോർ ഫ്രെയിം മെറ്റർ ഡിറ്റക്റ്ററുകളും, വാഹനങ്ങളുടെ നീക്കങ്ങൾ മനസിലാക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകളും സ്ഥാപിച്ചിട്ടുണ്ട്.