parliament

ന്യൂഡൽഹി : പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷിക ദിനത്തിൽ തന്നെ കനത്ത സുരക്ഷാവീഴ്ച്ച സംഭവിച്ചതാണ് അമ്പരപ്പിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നാണ് വീഴ്ച്ച തെളിയിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭീകരരെ പോലെ ആയുധങ്ങളുമായി ആക്രമിച്ചില്ല എന്നതുകൊണ്ട് ഗൗരവം കുറയുന്നില്ല. ശരീര പരിശോധനയിൽ വീഴ്ച്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിച്ച് സുരക്ഷ കുറ്റമറ്രതാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഭീകരാക്രമണം 2001 ഡിസംബർ 13ന്


അന്നും ശീതകാല സമ്മേളനം നടക്കവെയാണ് അഞ്ചംഗ ലഷ്‌കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് ഭീകര സംഘം പാർലമെന്റ് വളപ്പിൽ കടന്നുകയറി യന്ത്രത്തോക്കുകളുമായി ആക്രമണം നടത്തിയത്‌. നൂറോളം എം.പിമാരും കേന്ദ്രമന്ത്രിമാരും ഈ സമയം പാർലമെന്റിലുണ്ടായിരുന്നു.

രാവിലെ 11.40ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ സ്റ്റിക്കർ പതിച്ച് ചുവന്ന ലൈറ്റും ഘടിപ്പിച്ച അംബാസഡർ കാറിലാണ് ഭീകരരെത്തിയത്. കാറിന്റെ നീക്കങ്ങളിൽ ഒരു വാച്ച് ആൻഡ് വാർഡിന് സംശയം തോന്നി തടയാൻ ശ്രമിച്ചപ്പോൾ ഭീകരർ പുറത്തിറങ്ങി ആക്രമണം തുടങ്ങി. ഇതോടെ അലാറം മുഴക്കുകയും എല്ലാ ഗേറ്റുകളും അടയ്‌ക്കുകയും ചെയ്തു. അരമണിക്കൂറോളം പാർലമെന്റ് വളപ്പിൽ വെടിവയ്പ്പുണ്ടായി. അഞ്ച് ഭീകരരെ വധിച്ചു. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉദ്യാനത്തിലെ ജീവനക്കാരനും വീരമൃത്യു വരിച്ചു. 15 പേർക്ക് പരിക്കേറ്റു.

കൊടും ഭീകരൻ അഫ്സ‍ൽ ഗുരു,​ ബന്ധു ഷൗക്കത്ത് ഹുസൈൻ ഗുരു,​ ഷൗക്കത്തിന്റെ ഭാര്യ അഫ്സാൻ,​ ഡൽഹി സർവകലാശാലയിലെ അറബിക് അദ്ധ്യാപകനായ എസ്.എ.ആർ ഗീലാനി എന്നിവരെ പോട്ട നിയമവും ഗൂഢാലോചന അടക്കം കുറ്റങ്ങളും ചുമത്തി അറസ്റ്റ് ചെയ്തു. വിചാരണക്കോടതി അഫ്സ‍ൽ ഗുരു,​ ഷൗക്കത്ത് ഹുസൈൻ ഗുരു,​ എസ്.എ.ആർ ഗീലാനി എന്നിവർക്ക് തൂക്കുകയർ വിധിച്ചു. അഫ്സാന് അഞ്ച് വർഷം തടവും നൽകി. ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയ ഗീലാനിയും അഫ്സാനും കുറ്റവിമുക്തരായി. സുപ്രീംകോടതി ഷൗക്കത്ത് ഹുസൈൻ ഗുരുവിന്റെ ശിക്ഷ പത്തുവർഷം കഠിനതടവാക്കി മാറ്റി.​ അഫ്സ‍ൽ ഗുരുവിന്റെ വധശിക്ഷ ശരിവച്ചു. 2013 ഫെബ്രുവരി ഒൻപതിന് തീഹാർ ജയിലിൽ തൂക്കിലേറ്റി. അവിടെ തന്നെ മൃതദേഹം സംസ്കരിച്ചു.