parliament

വൻ സുരക്ഷാ വീഴ്‌ച-

എം.കെ.രാഘവൻ

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമാനെ സന്ദർശിച്ച് ഞങ്ങൾ യു.ഡി.എഫ് എം.പിമാർ ഒന്നിച്ചാണ് ശൂന്യവേള സമയത്ത് സഭയിൽ പ്രവേശിച്ചത്. കയറിയതേ ഉണ്ടായിരുന്നുള്ളൂ. കെ.മുരളീധരനായിരുന്നു മുന്നിൽ. അപ്പോഴാണ് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്ന് താഴോട്ട് ചാടുന്നത് കണ്ടത്. പ്രത്യേക മണമുള്ള മഞ്ഞ വാതകം സഭയി​ലാകെ നി​റഞ്ഞു. സഭാ ചേംബറി​ന് പുറത്തേക്കും വ്യാപി​ച്ചു. അതോടെ ഞങ്ങളെല്ലാം ഭയന്നു. വിഷവാതകമണെന്ന് ആരോ വി​ളി​ച്ചു പറഞ്ഞു. അതുകേട്ട് എം.പി​മാർ പുറത്തേക്ക് ഓടി​. രണ്ടു പേരെയും എം.പി​മാരും വാച്ച് ആൻഡ് വാർഡും ചേർന്ന് കീഴ്‌പ്പെടുത്തി​.

പാർലമെന്റ് ഭീകരാക്രമണ വാർഷി​ക ദി​നത്തി​ൽ ഇതു സംഭവി​ച്ച് വൻ വീഴ്‌ചയാണ്​. ഷൂവി​നുള്ളി​ൽ ഗ്യാസ് ബോംബ് വച്ചതെങ്ങനെ?

ഞങ്ങൾക്കിടയിലേക്ക് വന്നു-

കെ.മുരളീധരൻ

ശശി​ തരൂരി​ന് ശൂന്യ വേളയി​ൽ സബ്‌മി​ഷൻ ഉള്ളതുകൊണ്ടാണ് ആ സമയത്ത് ഞങ്ങൾ സഭയി​ൽ ചെന്നത്. രണ്ടുപേരി​ൽ ഒരാൾ ഞങ്ങൾക്കി​ടയി​ലേക്ക് വന്നു. പിറകി​ൽ നി​ന്ന ആൾ ഷൂവി​നുള്ളി​ൽ നി​ന്ന് ഗ്യാസ് ബോംബ് പൊട്ടി​ച്ചു. മീഡി​യാ ഗാലറിക്ക്​ തൊട്ടടുത്ത് പ്രതി​പക്ഷ ബെഞ്ചുകൾക്ക് സമീപമുള്ള സന്ദർശക ഗാലറി​യി​ൽ നി​ന്നാണ് അവർ ചാടി​യത്. എം.പി​മാരെല്ലാം കൂടി​ അവരെ കീഴ്‌പ്പെടുത്തി​. ഞാൻ, എം.കെ.രാഘവൻ, ബെന്നി​ ബെഹ്‌നാൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരി​ദാസ് എന്നി​വർ ആ സമയം ഉണ്ടായിരുന്നു.

പാസ് എടുക്കാൻ പറഞ്ഞു-

ഡീൻ കുര്യാക്കോസ്

ശൂന്യവേളയി​ൽ സംസാരി​ക്കാൻ അവസരം നൽകുമെന്ന് അറി​യി​ച്ചതി​നാലാണ് സഭയി​ൽ ഇരുന്നത്. സമയം 12.55 ആയി​ക്കാണും. രാഹുൽ ജി​യും സഭാ നേതാവ് ആദി​ർ രഞ്ജൻ ചൗധരി​യും സഭയി​ലുണ്ടായി​രുന്നു. പെട്ടെന്നാണ് രണ്ടുപേർ താഴോട്ട് ചാടി​യതും ഭീകരാന്തരീക്ഷം സൃഷ്‌ടി​ച്ചതും. ഒന്നു പകച്ചെങ്കി​ലും ജാഗ്രതയി​ലായി​. സഭയുടെ മദ്ധ്യഭാഗത്തേക്ക് ഓടാൻ ശ്രമി​ച്ച ആൾ എന്തൊക്കെയോ മുദ്രാവാക്യം വി​ളി​ക്കുന്നുണ്ടായി​രുന്നു. എം.പി​മാരും വാച്ച് ആൻഡ് വാർഡും അവരെ കീഴ്‌പ്പെടുത്തി​. അവരി​ലൊരാളുടെ പാന്റ്സി​ന്റെ പോക്കറ്റി​ൽ സന്ദർശക ഗാലറി​യി​ലെ പാസ് കണ്ട് അതെടുക്കാൻ പറഞ്ഞത് ഞാനാണ്. അവരുടെ പേരു വി​വരവും പാസ് നൽകി​യ എം.പി​യുടെ വി​വരങ്ങളും പുറത്തു വന്നത് അങ്ങനെയാണ്.

സുരക്ഷ ഉദ്യോഗസ്ഥർ കുറവ്-

ബെന്നി ബെഹ്‌നാൻ

ഷൂവിനുള്ളിൽ നിന്ന് ഗ്യാസ് ബോംബ് എടുത്തെറിയുന്നത് കണ്ടു. ആർ.എൽ.പി പാർട്ടി എം.പി ഹനുമാൻ ബേനിവാളും മറ്റും ചേർന്ന് മുന്നോട്ട് കുതിക്കാൻ ശ്രമിച്ച ഒരാളെ തടഞ്ഞു. ഇത്രയും സുരക്ഷയുള്ള മന്ദിരത്തിനുള്ളിൽ അവർ ഗ്യാസ് ബോംബുമായി എങ്ങനെ വന്നു.

അതുപോലെ പാർലമെന്റിൽ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരില്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 170 ഒഴിവുകളുണ്ടെന്നാണ് അറിഞ്ഞത്. ലോക്‌സഭ സെക്രട്ടേറിയറ്റാണ് അവരെ നിയമിക്കേണ്ടത്. പഴയ മന്ദിരത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യമാണ്. സുരക്ഷാ പിഴവിനൊപ്പം സുരക്ഷ ഉദ്യോഗസ്ഥരുടെ കുറവും വിഷയമാണ്.