
ന്യൂഡൽഹി: പിടിയിലായ നാലുപേരടക്കം ആറു പേരാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്ന് ഡൽഹി പൊലീസ്. രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്. സംഭവത്തിന് മുമ്പ് ഡൽഹി അതിർത്തിയിലെ ഗുരുഗ്രാമിൽ അഞ്ചുപേർ ഒന്നിച്ചു താമസിച്ചതായി വിവരമുണ്ട്.
പാർലമെന്റിനു പുറത്തു പിടിയിലായ നീലവും അമോലും മൊബൈൽ ഫോണോ, തിരിച്ചറിയ കാർഡോ, ബാഗുകളോ കൈവശം വച്ചിരുന്നില്ല. സ്വന്തം നിലയിൽ വന്നതാണെന്നും ഒരു സംഘടനയുമായും ബന്ധമില്ലെന്നും തൊഴിലില്ലായ്മയ്ക്കെതിരായ പ്രതിഷേധമാണെന്നും നീലം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഡൽഹി പൊലീസ് പ്രത്യേക സംഘം ചോദ്യം ചെയ്‌തു വരികയാണ്.
ടി.വിയിൽ മകളുടെ ദൃശ്യങ്ങൾ കണ്ട് വീട്ടുകാർ നടുങ്ങി. അപ്പോഴാണ് അവർ കാര്യം അറിയുന്നത്.
. ചൊവ്വാഴ്‌ച വീട്ടുകാരെ കണ്ടിരുന്നു. പഠനത്തിയായി ഹിസാറിലുണ്ടെന്നാണ് കരുതിയതെന്ന്
നീലത്തിന്റെ സഹോദരൻ പറഞ്ഞു. ബി.എ, എം.എ, ബി.എഡ്, എം.എഡ്, സി.ടി.ഇ.റ്റി, എം.ഫിൽ, നെറ്റ് എന്നിവ പാസായ മകൾ നല്ല ജോലി ലഭിക്കാത്തതിൽ അസ്വസ്ഥയായിരുന്നുവെന്ന് അമ്മ പറഞ്ഞു. തൊഴിലില്ലായ്മയ്ക്കെതിരെ പൊതുവേദികളിൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള നീലം കർഷക സമരങ്ങളിലും സജീവമായിരുന്നു.
മകൻ തെറ്റു ചെയ്തെങ്കിൽ ശിക്ഷാർഹനാണെന്ന് സഭയ്ക്കുള്ളിലേക്ക് ചാടിയ മനോരഞ്ജന്റെ പിതാവ് ദേവരാജ് പറഞ്ഞു. നല്ല വിദ്യാഭ്യാസം നൽകിയത് ഇതിനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.