ന്യൂഡൽഹി​: സുരക്ഷാ സന്നാഹങ്ങളെ വെല്ലുവിളിച്ച് ലോക് സഭയിലെ ശൂന്യവേളയിൽ രണ്ടു യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യുവതി അടക്കം ആറുപേർ അറസ്റ്റിൽ. സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയിലേക്ക് എടുത്തുചാടിയ യുവാക്കൾ അംഗങ്ങൾക്കു നേരെ പുക സ്പ്രേ പ്രയോഗിച്ചു.

2001ലെ ഭീകരാക്രമണത്തിന്റെ ഓർമ്മദിനത്തിലുണ്ടായ

പരാക്രമത്തിൽ സഭയും രാജ്യവും നടുങ്ങി. എം.പിമാർ ഇവരെ കീഴടക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതേസമയം, പാർലമെന്റിനു പുറത്ത് യുവതി അടക്കം രണ്ടുപേർ പുക സ്പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ലഖ്‌നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാർ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോൽ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്.

സഹായിയായ ലളിത് ഝാ പിന്നീട് പിടികൂടി . കൂട്ടാളിയായ വിക്കി ശർമ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടിൽ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്.

മൈസൂരിൽ നിന്നുള്ള ബി.ജെ.പി അംഗമായ പ്രതാപ് സിംഹ നൽകിയ പാസുമായാണ് സാഗറും മനോരഞ്ജനും സന്ദർശക ഗ്യാലറിയിൽ വന്നത്.

നീലംദേവിയും അമോൽ ഷിൻഡെയുമാണ് പുറത്ത് പ്രതിഷേധിച്ചത്.

സംഘത്തിന് ഭീകരബന്ധമില്ലെന്നാണ് പൊലീസ് പറഞ്ഞു. സഭ നിറുത്തിവച്ചു. സന്ദർശകർക്ക് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏർപ്പെടുത്തി.

മൂന്നാൾ പൊക്കത്തിൽ നിന്ന്

സഭയിലേക്ക് ചാടി
1.ഇന്നലെ ഉച്ചയ്‌ക്ക് 12.55ന് ശൂന്യവേള നടക്കുമ്പോൾ ലോക്‌സഭയിലെ മാദ്ധ്യമ ഗാലറിക്ക് സമീപമുള്ള സന്ദർശക ഗാലറിയിലെ മുൻനിരയിൽ ഇരുന്ന സാഗർ ശർമ്മയും ഡി. മനോരഞ്ജനും മൂന്നാൾ ഉയരത്തിൽ നിന്ന് താഴോട്ട് ചാടുകയായിരുന്നു.

2. ഡെസ്‌കിനു മുകളിലൂടെ മുദ്രാവാക്യം വിളിച്ച് സ്‌പീക്കറുടെ ഇരിപ്പിടം ലക്ഷ്യമാക്കി നീങ്ങി. ഷൂസിൽ ഒളിപ്പിച്ച പുക സ്പ്രേ ക്യാനെടത്തു പ്രയോഗിച്ചു.

സാഗർ ശർമ്മയെ ആർ.എൽ.പി എംപി ഹനുമാൻ ബേനിവാളും കോൺഗ്രസിലെ ഗുർജിത് സിംഗ് ഓജ്ലയും ചേർന്ന് കിഴടക്കി. മനോരഞ്ജനും പിടിയിലായി. സഭയിൽ മഞ്ഞപ്പുക പടലം വ്യാപിച്ചു. വിഷവാതകമാണെന്ന് ഭയന്ന് എം.പിമാർ പുറത്തേക്ക് പാഞ്ഞു

3.മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലായിരുന്നു.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, ഹർദീപ് സിംഗ് പുരി, അനുപ്രിയ പട്ടേൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മലയാളി എം.പിമാരായ കെ.മുരളീധരൻ, എം.കെ.രാഘവൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹ്‌നാൻ, രമ്യാഹരിദാസ് തുടങ്ങിയവർ സഭയിലുണ്ടായിരുന്നു.

സ്വേച്ഛാധിപത്യം അനുവദിക്കില്ല;

മുദ്രാവാക്യംമുഴക്കി നീലംദേവി

റെഡ്‌ക്രോസ് റോഡിൽ പാർലമെന്റ് റിസ്‌പ്‌ഷനു സമീപമാണ് അമോൽ ഷിൻഡെയും പുക സ്പ്രേ കാൻ പ്രയോഗിച്ച് മുദ്രാവാക്യം മുഴക്കിയത്. ഉടൻ പൊലീസ് പിടികൂടി. 'കരിനിയമങ്ങൾ കാരണം തൊഴിലില്ലാതായെന്നും ഒരു സംഘടനയുടെയും ആളുകളല്ലെന്നും സ്വേച്ഛാധിപത്യം പൊറുപ്പിക്കില്ലെന്നും' അവർ വിളിച്ചു പറഞ്ഞു. ഭഗത് സിംഗ് ക്ളബ് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് വെളിപ്പെടുത്തി.

അറസ്റ്റിലായവർ നാല് വർഷമായി പരസ്പരം അറിയുന്നവരാണ്.

നീലം ദേവി (42) അദ്ധ്യാപക ജോലിക്കൊപ്പം സിവിൽ സർവീസിന് പഠിക്കുന്നുണ്ട്. 2020 ലെ കർഷക സമരത്തിൽ പങ്കെടുത്തിരുന്നു. എൻജിനീയറിംഗ് ബിരുദധാരിയാണ് മനോരഞ്ജൻ.