
ഉച്ചയ്‌ക്ക് 12 മണി മുതൽ ലോക്‌സഭയിൽ ശൂന്യവേള
12.55ന് ബി.ജെ.പി എംപി ഖഗൻ മുർമു പ്രസംഗിക്കുന്നു. ബി.ജെ.പി എംപിയും ഉപാദ്ധ്യക്ഷനുമായ രാജേന്ദ്ര അഗർവാളായിരുന്നു സഭ നിയന്തിച്ചിരുന്നത്. സന്ദർശക ഗാലറിയിൽ നിന്ന് മനോരഞ്ജൻ, സാഗർ ശർമ എന്നിവർ താഴോട്ട് ചാടുന്നു.
പരിഭ്രാന്തരായ എംപിമാർ ഇരിപ്പിടങ്ങളിൽ എഴുന്നേറ്റ് എന്താണ് സംഭവിച്ചതെന്ന് അറിയാതെ നിൽക്കുമ്പോൾ സാഗർ ഡെസ്‌കിന് മുകളിലൂടെ തുള്ളിച്ചാടി അദ്ധ്യക്ഷന്റെ ചെയറിനു നേരെ കുതിക്കുന്നു.
ഹനുമാൻ ബേനിവാൾ എംപിയുടെ നേതൃത്വത്തിൽ അയാളെ തടയുന്നു. മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കീഴ്‌പ്പെടുത്തുന്നതിനിടെ മനോരഞ്ജൻ വാതക ഷെൽ പൊട്ടിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നു. ചേംബറിനുള്ളിൽ മഞ്ഞവാതകം. എംപിമാർ പുറത്തേക്കോടുന്നു.
സഭ രണ്ടുമണി വരെ നിർത്തിവച്ച് രാജേന്ദ്ര അഗർവാൾ
ഒരു മണിയോടെ പുറത്ത് പാർലമെന്റ് റിസപ്ഷനു സമീപം നീലവും അമോലും വാതക ഷെൽ പൊട്ടിക്കുന്നു. പൊലീസ് പിടികൂടിയ ഇരുവരും സർക്കാർ വിരുദ്ധ മുദ്രാവാക്യമുയർത്തുന്നു.
പാർലമെന്റിനുള്ളിലും പുറത്തും കൂടുതൽ സുരക്ഷാ സേന. മന്ദിരത്തിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ വച്ച് ഗതാഗതം തടയുന്നു.
പാർലമെന്റിനുള്ളിലും റിസപ്‌ഷന് സമീപവും വാതക ഷെൽ പൊട്ടിയ സ്ഥലങ്ങളിൽ ഫോറൻസിക് പരിശോധന. പിടിയിലായവരുടെ സാധനങ്ങളും പരിശോധിക്കുന്നു.
രണ്ടുമണിക്ക് ലോക്‌സഭ വീണ്ടും സമ്മേളിക്കുന്നു. സ്‌പീക്കറെ ആശങ്ക അറിയിച്ച് പ്രതിപക്ഷം. സുരക്ഷാ വീഴ്ചയെക്കുറിച്ച് സർക്കാർ പ്രതികരിക്കണമെന്ന് ആവശ്യം. നാലു മണിവരെ സഭ നിർത്തുന്നു.രാജ്യസഭയിൽ പ്രതിപക്ഷ ബഹളം.
പാർലമെന്റിനുള്ളിലും പുറത്തും അക്രമം നടത്തിയവർക്ക് ഭീകര ബന്ധമില്ലെന്ന് പൊലീസ്. നാലുപേരുടെയും പേരു വിവരങ്ങൾ പുറത്ത്.
പൊലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും അവരുടെ വീടുകളിൽ.
നാലുമണിക്ക് വീണ്ടും സമ്മേളിച്ച ലോക്‌സഭയിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സ്‌പീക്കർ. സഭ ഇന്നത്തേക്ക് പിരിയുന്നു.
അക്രമ സംഭവത്തിൽ ആകെ ആറുപേർ ഉൾപ്പെട്ടതായും അഞ്ചുപേർ ഗുഡ‌്‌ഗാവിൽ ഒന്നിച്ചു താമസിച്ചെന്നും വിവരം.