 4 പ്രതികൾ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ

parliament

ന്യൂഡൽഹി: രാജ്യം ഞെട്ടിയ പാർലമെന്റ് ആക്രമണം ഭീകരാക്രമണത്തിന് സമാനമെന്നും ഏതെങ്കിലും ഭീകര സംഘ‌ടനയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഡൽഹി പൊലീസ്.

കൂടുതൽ ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യത്തിൽ പ്രതികളിൽ നാലുപേരെ ഡൽഹി കോടതി 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. സാഗർ ശർമ, മനോരഞ്ജൻ, നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയാണ് പ്രത്യേക ജഡ്ജി ഹർദീപ് കൗർ കസ്റ്റഡിയിൽ വിട്ടത്. 15 ദിവസ കസ്റ്റഡിയാണ് പൊലീസ് തേടിയത്. അതേസമയം,​ സംഭവത്തിന്റെ സൂത്രധാരൻ ബിഹാർ സ്വദേശി ലളിത് ഝാ ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം കസ്റ്റ‌ഡിയിലെടുത്ത വിക്കിയെ വിട്ടയച്ചു.

മനോരഞ്ജനും സാഗർ ശർമ്മയ്ക്കും സഭയിൽ കയറാൻ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസ് എങ്ങനെ കിട്ടിയെന്നതിൽ കേന്ദ്രം മൗനത്തിലാണ്. പ്രതാപിനെതിരെ നടപടിയും സുരക്ഷാവീഴ്‌ചയിൽ അമിത് ഷായുടെ വിശദീകരണവും തേടി ഇന്നലെ ലോക്സഭയിൽ ബഹളംവച്ച 14 പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തു. നടപ്പുസമ്മേളനം തീരുംവരെ സസ്പെൻഷനിലായവരിൽ കേരളത്തിലെ ആറ് എം.പിമാരുമുണ്ട്. ബെന്നി ബഹനാൻ, വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവരാണവർ.

ബുധനാഴ്‌ച പാർലമെന്റിലും പുറത്തും ഭഗത് സിംഗ് ഫാൻ ക്ളബ് എന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേരിലാണ് ആറുപേർ അക്രമം നടത്തിയത്. ഭീകരപ്രവർത്തന നിരോധന നിയമം (യു.എ.പി.എ)​ പ്രകാരമാണ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

അതിനിടെ, സുരക്ഷാവീഴ‌്ചയുടെ പേരിൽ ഡൽഹി പൊലീസിലെ ആറും ലോക്‌സഭാ സെക്രട്ടേറിയറ്റിലെ രണ്ടും ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വൻ സുരക്ഷാവീഴ്ചയുണ്ടായെന്ന് ഒരു മാദ്ധ്യമത്തോട് ഇന്നലെ അമിത് ഷാ പ്രതികരിച്ചു.

ഉത്തരം കിട്ടേണ്ടത്

1. പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ ഭീകരൻ പന്നൂനുമായി ബന്ധമുണ്ടോ

2. പ്രതികൾക്ക് പന്നൂൻ 10 ലക്ഷം വീതം പാതിതോഷികം പ്രഖ്യാപിച്ചതായി ഇന്നലെ ഫേസ്ബുക്ക് പോസ്റ്റ്

3. മറ്റേതെങ്കിലും ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചോ. സൂത്രധാരൻ ലളിത് ഝായ്ക്ക് മുകളിൽ ആരെങ്കിലുമുണ്ടോ

4. ഭഗത്‌സിംഗ് ഫാൻ ക്ളബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ യഥാർത്ഥ ലക്ഷ്യം, പ്രവർത്തനങ്ങൾ

5. തൊഴിലില്ലായ്മ, കർഷക പ്രശ്‌നങ്ങൾ, മണിപ്പൂർ എന്നിവയിലെ പ്രതിഷേധം എന്ന വാദത്തിൽ കഴമ്പുണ്ടോ

പഴയ മന്ദിരത്തിൽ

നേരത്തേ കയറി

ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ് പേജുവഴി ബന്ധം സ്ഥാപിച്ച പ്രതികൾ ഒന്നര വർഷം മുൻപ് മൈസൂരിലാണ് അക്രമത്തിന് പദ്ധതിയിട്ടത്. 9 മാസം മുൻപ് ചണ്ഡിഗഡിൽ കർഷക പ്രതിഷേധത്തിനിടെ വീണ്ടും കണ്ടു. ജൂലായിൽ മൺസൂൺ സമ്മേളനത്തിൽ മൂന്നുപേർ പഴയ പാർലമെന്റ് കെട്ടിടത്തിൽ സന്ദർശകരായി കയറി ഷൂ അഴിച്ച് പരിശോധനയില്ലെന്ന് മനസിലാക്കി. പുക സ്‌പ്രേ ലാത്തൂരിൽ നിന്ന് അമോലാണ് വാങ്ങിയത്. ഇത് ഒളിപ്പിക്കാൻ പ്രത്യേക അറയുള്ള രണ്ട് ജോഡി ഷൂസ് ലഖ്‌നൗവിൽ നിന്നും വാങ്ങി.

ഡിസംബർ 10ന് ഡൽഹിയിലെത്തിയ പ്രതികൾ ഗുഡ്‌ഗാവിലെ വിക്രത്തിന്റെ വീട്ടിൽ താമസിച്ച് അന്തിമ പ്ളാൻ തയ്യാറാക്കി. ബുധനാഴ്‌ച രാവിലെ അഞ്ചുപേരും ഇന്ത്യാഗേറ്റിൽ ഒത്തുകൂടിയ ശേഷം പാർലമെന്റ് പരിസരത്തേക്ക്. നാലുപേർക്ക് പാർലമെന്റ് പാസിന് ശ്രമിച്ചെങ്കിലും ലഭിച്ചത് രണ്ടു പേർക്ക്. രണ്ടു പേർ പുറത്ത് പ്രതിഷേധിച്ചതിന്റെ വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ച് ലളിത് ഝാ മുങ്ങി. മറ്റ് പ്രതികളുടെ ഫോണുകൾ ഇയാൾ കൈവശം.