
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് ആറാഴ്ച് കൂടി നൽകി സുപ്രീംകോടതി. മൂന്ന് മാസം അഡിഷണൽ സോളിസിറ്രർ എസ്.വി. രാജു ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.
മാർഗനിർദ്ദേശങ്ങൾ വൈകുന്നതിൽ ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ഇത് തയ്യാറാകുന്നത് വരെ, ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച സി.ബി.ഐ മാന്വൽ എല്ലാ അന്വേഷണ ഏജൻസികളും പിന്തുടരണമെന്ന് നിർദ്ദേശിച്ചു.
ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് അടക്കം സമർപ്പിച്ച ഹർജികൾ ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും. ന്യൂസ് ക്ലിക്ക് കേസിന് പിന്നാലെ 90ൽപ്പരം മാദ്ധ്യമപ്രവർത്തകരുടെ മുന്നൂറോളം ഡിജിറ്റൽ ഉപകരണങ്ങൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.