pannun

ന്യൂഡൽഹി : പാർലമെന്റിലെ ഗുരുതര സുരക്ഷാവീഴ്ച്ചയിൽ ഖാലിസ്ഥാൻ ബന്ധമുണ്ടോയെന്നത് ഏജൻസികൾ അന്വേഷിക്കുന്നു. ഖാലി​സ്ഥാൻ ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂനും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

പിടിയിലായവർക്ക് നിയമസഹായമെന്ന മട്ടിൽ 10 ലക്ഷം രൂപ പ്രതിഫലമായി പ്രഖ്യാപിച്ചുക്കൊണ്ടുള്ള പന്നൂന്റെ ചിത്രമുള്ള പോസ്റ്റർ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 'അങ്ങനെ ഇന്ത്യൻ പാർലമെന്റിന്റെ അടിസ്ഥാനം കുലുങ്ങി' എന്ന് പോസ്റ്ററിൽ പറയുന്നു. പിടിയിലായവരെ വിപ്ലവകാരികളെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. പുക ഉയരുന്ന ലോക്സഭയുടെ ചിത്രവും ചേർത്തിട്ടുണ്ട്. പോസ്റ്രർ ഭീകരസംഘടന തന്നെ തയ്യാറാക്കി പുറത്തുവിട്ടതാണെന്ന സംശയമാണ് ഏജൻസികൾക്കുള്ളത്.

2001 ഡിസംബർ 13ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ വീണ്ടും ആക്രമണമുണ്ടാകുമെന്ന് പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. തന്നെ കൊല്ലാനുള്ള നീക്കത്തിന് ഇത്തരത്തിൽ മറുപടി നൽകുമെന്നായിരുന്നു ഡിസംബർ അഞ്ചിന് പുറത്തുവിട്ട വീഡിയോയിലെ മുന്നറിയിപ്പ്. കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ ചിത്രവും പങ്കുവച്ചു.

ഡൽഹിയെ ഖാലിസ്ഥാനാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു. അടുത്ത റിപ്പബ്ലിക് ദിനത്തിൽ ഖാലിസ്ഥാൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് റഫറണ്ടം നടപടി തുടങ്ങുമെന്നാണ് നിലപാട്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലും, ജി 20 ഉച്ചകോടിയിലും കുഴപ്പമുണ്ടാക്കുമെന്ന് ഭീഷണി മുഴക്കി. യു.എസ് കേന്ദ്രീകരിച്ചാണ് പന്നൂൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യ - കാനഡ ബന്ധം വഷളായപ്പോഴും പന്നൂൻ രംഗത്തെത്തി. കാനഡയിലെ ഹിന്ദുമതസ്ഥർ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഭീഷണിപ്പെടുത്തി. രാജ്യത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഈ ഭീകരൻ. പന്നൂനെ വധിക്കാൻ ആസൂത്രണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലികിലെ അന്വേഷണ ഏജൻസി കഴിഞ്ഞ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടുകിട്ടാൻ യു.എസ് ശ്രമം തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.