
ന്യൂഡൽഹി: ലോക്‌സഭയിലെ സുരക്ഷാ വീഴ്‌ചയെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാർലമെന്റിൽ നാടകീയ രംഗങ്ങൾ. അമിത് ഷാ പ്രസ്‌താവന നടത്തണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിൽ അദ്ധ്യക്ഷന്റെ ഇരിപ്പിടത്തിന് സമീപം പ്രതിഷേധിച്ചതിന് ആറ് മലയാളികൾ അടക്കം 14 എം.പിമാരെ സസ്‌പെൻഡ് ചെയ്‌തു. സസ്‌പെൻഡ് ചെയ്‌തിട്ടും സഭയിൽ തുടർന്ന രാജ്യസഭാ എം.പി ഡെറിക് ഒബ്രയ്‌നെതിരെ കൂടുതൽ നടപടിക്ക് പ്രിവിലേജ് കമ്മിറ്റിക്ക് ശുപാർശ ചെയ്‌തു. ഇന്നും ഇരുസഭകളിലും പ്ളക്കാർഡുമായി നടുത്തളത്തിലിറങ്ങി ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ലോക്‌സഭയിലെ ബെന്നി ബഹനാൻ, വി.കെ. ശ്രീകണ്ഠൻ, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, എസ്. ജോതിമണി, മാണിക്കം ടാഗോർ, മുഹമ്മദ് ജാവേദ്(കോൺഗ്രസ്), പി.ആർ. നടരാജൻ, എസ്. വെങ്കിടേശൻ(സി.പി.എം-തമിഴ്നാട്), കനിമൊഴി (ഡി.എം.കെ), കെ സുബ്ബരായ്യൻ (സി.പി.ഐ-തമിഴ്നാട്), രാജ്യസഭയിൽ നിന്ന് ഡെറിക് ഒബ്രെയ്‌നെയുമാണ് (തൃണമൂൽ) സസ്‌പെൻഡ് ചെയ്‌തത്. സഭയിൽ ഇല്ലാത്ത ഡി.എം.കെ എംപി എസ്.ആർ.പാർത്ഥിപന്റെ പേരും പ്രൾഹാദ് ജോഷി പുറത്താക്കൽ പ്രമേയത്തിൽ പറഞ്ഞിരുന്നു. പിഴവ് മനസിലാക്കി പിന്നീട് തിരുത്തി.
സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം പ്രഖ്യാപിച്ചതിനാൽ പ്രസ്‌താവന ആവശ്യമില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. അതേസമയം, നിയമസഭാ തോൽവിയിൽ നിരാശയിലായിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണിക്ക് വിഷയം അവിചാരിതമായി ലഭിച്ച ആയുധവുമായി.
രാവിലെ 11ന് ലോക്‌സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം ആഭ്യന്തര മന്ത്രി പ്രസ്‌താവന നടത്തണമെന്നും ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ ഒാഫീസ് പ്രതികൾക്ക് പാസ് നൽകിയത് എങ്ങനയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്ളക്കാർഡുമേന്തി മുദ്രാവാക്യം വിളി തുടങ്ങി. സഭയിൽ പ്രധാനമന്ത്രിയും മന്ത്രി അമിത് ഷായും ഇല്ലായിരുന്നു. ഇരുവരും സഭയിയിലെത്താൻ ആവശ്യപ്പെട്ട് എം.പിമാർ നടുത്തളത്തിലിറങ്ങി. ടി.എൻ. പ്രതാപനും ആർ.എൽ.പി എം.പി ഹനുമാൻ ബേനിവാളും സ്‌പീക്കറുടെ മേശമേൽ ശക്തിയായി ഇടിച്ചു. പ്രതിഷേധിച്ച എം.പിമാരോട് പിൻവാങ്ങാൻ സ്‌പീക്കർ ഒാം ബിർള ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് 2 മണി വരെ പിരിഞ്ഞു.
രണ്ടുമണിക്ക് വീണ്ടും ചേർന്നപ്പോഴാണ് നടുത്തളത്തിലിറങ്ങിയതിന്റെ പേരിൽ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജോതിമണി(തമിഴ്നാട്) എന്നിവരെ സസ്‌പെൻഡ് ചെയ്‌തത്. രാജസ്ഥാനിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ച ഹനുമാൻ ബേനിവാൾ ഇന്ന് എം.പിസ്ഥാനം രാജിവയ്‌ക്കുന്നതിലാൽ സസ്‌പെൻഷൻ ഒഴിവായി.
ഒബ്രെയ്‌നെതിരെ
കൂടുതൽ നടപടി വരും
രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. നടുത്തളത്തിലിറങ്ങി അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറോട് കയർത്ത് സംസാരിച്ച ഡെറിക് ഒബ്രെയ്‌നോട് പുറത്തു പോകാൻ ആവശ്യപ്പെട്ടിരുന്നു. 12 മണിവരെ നിർത്തിയ സഭ വീണ്ടും ചേർന്നപ്പോൾ സസ്‌പെൻഡ് ചെയ്‌തു. ഒബ്രെയ്‌ൻ പുറത്തു പോകാതെ പ്രതിഷേധം തുടർന്നു. പ്രതിപക്ഷ ബഹളത്തിൽ സഭ 2.30വരെ നിർത്തി. അപ്പോഴും ഒബ്രെയ്‌ൻ പുറത്തു പോയിരുന്നില്ല. ഇതേ ചൊല്ലി ഭരണ - പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്‌പോര് തുടങ്ങി. സഭ വീണ്ടും നിർത്തി 4.30ന് വീണ്ടും ചേർന്നാണ് നടപടിക്കായി പ്രിവിലേജ് കമ്മിറ്റിക്ക് ശുപാർശ ചെയ്‌തത്.