
ന്യൂഡൽഹി: വിക്കി എന്ന വികാസ് ശർമ്മ ഇത്ര ഭയങ്കരനോ ? അമ്പരന്നിരിക്കുകയാണ് ഹരിയാന ഓൾഡ് ഗുരുഗ്രാമിലെ നാട്ടുകാർ. ദിവസവും മദ്യപിച്ചു വന്ന് ഭാര്യയെ തല്ലുന്ന വിക്കിയുടെ വീട്ടിലാണ് പാർലമെന്റ് ആക്രമണത്തിന്റെ ആസൂത്രണം നടന്നതെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് ഇപ്പോഴും കഴിയുന്നില്ല. ജംഗ്ലിയെന്നും വികാസിന് പേരുണ്ട്. സംഭവത്തിന് പിന്നാലെ ബുധനാഴ്‌ച വൈകിട്ട് സെക്ടർ ഏഴിലെ ഹൗസിംഗ് ബോർഡ് കോളനിയിൽ നിന്ന് വിക്കിയെയും ഭാര്യ രാഖിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രാത്രി മദ്യപിച്ച് ഭാര്യയെ മർദ്ദിക്കൽ
20 വർഷമായി വിക്കി ഇവിടെ താമസിക്കുന്നു. കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കൾ മരിച്ചു. വിക്കിയെ ദത്തെടുത്ത് വളർത്തിയവരുടെ വീടാണിത്. രാവിലെ ഡ്രൈവിംഗ് ജോലിക്ക് പോകും. രാത്രി
മദ്യപിച്ചുവന്ന് ഭാര്യയെയും മകളെയും തല്ലുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. പലദിവസങ്ങളിലും ഭാര്യ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നത് കണ്ടിട്ടുണ്ട്. പരാതി കൊടുക്കാൻ അയൽപക്കത്തെ സ്ത്രീകൾ ഉപദേശിക്കാറുണ്ടെങ്കിലും ഭയം കാരണം രേഖ അതിന് മുതിർന്നില്ല. നാട്ടുകാരുമായി വിക്കിക്ക് പ്രശ്നമൊന്നുമില്ല. മുൻപ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നെങ്കിലും മദ്യപാനം കാരണം പറഞ്ഞുവിട്ടു.
ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ
വികാസിനെയും ഭാര്യയെയും ചോദ്യം ചെയ്തപ്പോൾ പ്രതികളെ സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചുവെന്നാണ് സൂചന. ഇരുവർക്കും അക്രമത്തിൽ എത്രത്തോളം പങ്കുണ്ടെന്നതിൽ അന്വേഷണം തുടരുകയാണ്. ഒളിവിലുള്ള ലളിത് ഝാ ആണ് നാലു പ്രതികളെയും വിക്കിയുടെ വീട്ടിലെത്തിച്ചതെന്നാണ് അറിയുന്നത്. ബുധനാഴ്ച ഇവിടെ നിന്ന് ടാക്സിയിലാണ് ഇവർ പാർലമെന്റിലേക്ക് പോയതെന്നും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.