
പ്രാഗ് കോടതിയെ സമീപിക്കാൻ നിർദ്ദേശം
ന്യൂഡൽഹി : ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വധിക്കാൻ ആസൂത്രണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാരനെ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്തതിൽ ഇടപെടാതെ സുപ്രീംകോടതി.
ചെക്ക് തലസ്ഥാനമായ പ്രാഗിൽ തടങ്കലിൽ കഴിയുന്ന 52കാരനായ നിഖിൽ ഗുപ്തയുടെ മോചനത്തിന് കുടുംബമാണ് കോടതിയെ സമീപിച്ചത്. രാജ്യത്ത് തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കുകയായിരുന്നു. ചെക്ക് കോടതിയെ സമീപിക്കാൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. വിദേശമന്ത്രാലയത്തിന് ഇതിൽ പരിമിതിയുണ്ട്. വിദേശത്ത് നടക്കുന്ന അറസ്റ്റിൽ സുപ്രീം കോടതിക്കും ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജനുവരി നാലിന് ഹർജി വീണ്ടും പരിഗണിക്കും.
അമേരിക്കയുടെ ആവശ്യപ്രകാരമാണ് നിഖിൽ ഗുപ്തയെ ചെക്ക് പൊലീസ് അറസ്റ്റ് ചെയതത്. ഇയാളെ കൈമാറുന്നതിന് ആഗസ്റ്റിൽ അമേരിക്ക ചെക്ക് സർക്കാരിന് അപേക്ഷയും നൽകി. അമേരിക്കയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ ഇന്ത്യ നേരത്തേ ഉന്നത തല സമിതിയെ നിയോഗിച്ചിരുന്നു.
ഹർജിക്കാരൻ 'എക്സ്'
കോടതി രേഖകളിൽ ഹർജിക്കാരൻ 'എക്സ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഖാലിസ്ഥാൻ സാന്നിദ്ധ്യം ഉള്ളതിനാൽ ഗുപ്തയുടെ കുടുംബത്തിന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണെന്നാണ് സൂചന.
അമേരിക്കയുടെ ആരോപണങ്ങൾ
ഇന്ത്യൻ ഉദ്യോഗസ്ഥനും ഗുപ്ത ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള ചിലരും ചേർന്ന് യു. എസ് പൗരനായ പന്നുനെ വധിക്കാൻ ഗൂഢാലോചന നടത്തി.
വാടകക്കൊലയാളിക്ക് ഒരു ലക്ഷം ഡോളർ നൽകാമെന്ന് ഗുപ്ത സമ്മതിച്ചു
ജൂൺ 9ന് 15,000 ഡോളർ അഡ്വാൻസ് നൽകി.
ഇതിന്റെ ഇടനിലക്കാരൻ അമേരിക്കൻ പൊലീസിന്റെ ഒറ്റുകാരനായിരുന്നതിനാൽ പദ്ധതി പൊളിഞ്ഞു
ഹോളിവുഡ് സ്റ്രെലിൽ ചോദ്യം ചെയ്യൽ
കഴിഞ്ഞ ജൂൺ 30ന് പ്രാഗിലെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ നിഖിൽ ഗുപ്തയെ പിടികൂടി കറുത്ത എസ്.യു.വിയിലേക്ക് ബലമായി കയറ്റിയെന്ന് ഹർജിയിൽ പറയുന്നു. മൂന്നു മണിക്കൂറോളം ആ വാഹനം വിദേശ നഗരത്തിൽ നിർത്താതെ പാഞ്ഞു. ഇതിനിടെയായിരുന്നു അമേരിക്കൻ ഏജന്റുമാരുടെ ചോദ്യം ചെയ്യൽ. രക്തവും വിരലടയാളവും ശേഖരിച്ചു. മൊബൈൽ ഫോണുകളും കൈക്കലാക്കി. സസ്യഭുക്കായ ഗുപ്തയ്ക്ക് തടങ്കലിലെ ആദ്യ പത്തു ദിവസം പോർക്കും ബീഫും മാത്രം നൽകി കഴിക്കാൻ നിർബന്ധിച്ചു. ജീവന് ഭീഷണിയുണ്ട്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കുന്നു. യു.എസിന് കൈമാറാനാണ് ശ്രമം.