par

ന്യൂഡൽഹി: അതി സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് പാർലമെന്റിലും പുറത്തും അതിക്രമം കാണിച്ച പ്രതികളുടെ യഥാർത്ഥ ലക്ഷ്യവും ഗൂഢാലോചനയുടെ പിന്നാമ്പുറവും കണ്ടെത്താനാകാതെ അന്വേഷണ സംഘം.

പ്രതികൾ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വിളിച്ച 50 ഒാളം മൊബൈൽ നമ്പറുകളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. അറസ്റ്റിലായ അഞ്ചുപേരും കസ്റ്റഡിയിലെടുത്ത രണ്ടുപേരും കൂടാതെ മറ്റാരെങ്കിലും സംഭവത്തിൽ ഉണ്ടോയെന്ന് കണ്ടെത്താനാണിത്. മറ്റു പ്രതികളുടെ ഫോൺ സൂക്ഷിച്ച ലളിത് ഝാ അവ രാജസ്ഥാനിൽ വച്ച് നശിപ്പിച്ചതിനാൽ നിരവധി തെളിവുകൾ നഷ്‌ടമായി.

പാർലമെന്റിൽ തെളിവെടുപ്പ്

സുരക്ഷാ വീഴ്‌ചയുടെ രംഗങ്ങൾ പുനഃസൃഷ്‌ടിക്കാൻ അറസ്റ്റിലായ അഞ്ച് പ്രതികളെ അവധി ദിനമായ ഇന്നോ നാളെയോ പുതിയ പാർലമെന്റ് മന്ദിരത്തിൽ എത്തിച്ച് തെളിവെടുക്കും. പ്രതികൾ മന്ദിരത്തിൽ കടന്ന് കളർ സ്‌പ്രേ ഉപയോഗിച്ച് പദ്ധതി എങ്ങനെ നടപ്പാക്കിയെന്ന് കണ്ടെത്താനാണിത്. തുടർന്ന് പ്രതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിലേക്കും കൊണ്ടുപോകും.

ഫോണുകൾ കത്തിച്ച് തെളിവു നശിപ്പിച്ചു

സംഭവ ദിവസം പാർലമെന്റ് റിസ്‌പ്ഷന് പുറത്ത് അമോലും നീലവും വാതക സ്‌പ്രേ പ്രയോഗിച്ച് പ്രതിഷേധിക്കുന്ന വീഡിയോ പകർത്തിയ ഝാ ഡൽഹിയിൽ നിന്ന് ബസിൽ രാജസ്ഥാനിലെ കുച്ചാമനിലേക്കാണ് കടന്നത്. അവിടെ സുഹൃത്ത് മഹേഷ് കുമാവതിനൊപ്പം താമസിച്ചു. പൊലീസ് തിരച്ചിൽ വ്യാപകമാക്കിയെന്ന് മനസിലാക്കി ബസിൽ മഹേഷിനൊപ്പം ഡൽഹിയിലേക്ക് മടങ്ങുകയും കർത്തവ്യപഥിന് സമീപമുള്ള പൊലീസ് പോസ്റ്റിൽ കീഴടങ്ങുകയുമായിരുന്നു.

ബിഹാർ ദർഭംഗ സ്വദേശിയായ ഝായുടെ കുടുംബം പശ്‌ചിമ ബംഗാളിലാണ് താമസം. ഝാ രണ്ടുവർഷം മുൻപ് കൊൽക്കത്തയിൽ അദ്ധ്യാപകനായിരുന്നു. പിന്നീട് സുഭാഷ് ചന്ദ്രബോസിന്റെ ആദർശങ്ങൾ പിന്തുടരുന്ന സമ്മോബദി സുബാസ് സഭ എന്ന സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചു. സംഘടനയുടെ നടത്തിപ്പുകാരനും വിദ്യാർത്ഥിയുമായ നീലാക്‌ഷാ ഐക്കിന് പ്രതിഷേധ വീഡിയോ ഝാ അയച്ചു കൊടുത്തു. ഐക്കിനെയും ചോദ്യം ചെയ്‌തു.

ഭഗത് സിംഗ്, ചെഗുവേര എന്നിവരെ ആരാധിക്കുന്ന ഝാ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന യൂട്യൂബർമാരുമായും ബന്ധം പുലർത്തിയിരുന്നു.

ബി.ജെ.പി സർക്കാർ നയങ്ങളെ വിമർശിക്കുന്ന പോസ്റ്റുകൾ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ട്. സ്വാതന്ത്ര്യ സമര സേനാനികളായ സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖർ ആസാദ്, ക്യൂബൻ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ഫിദൽ കാസ്ട്രോ, ആദം ഗോണ്ടവി തുടങ്ങിയ സോഷ്യലിസ്റ്റ് കവികളുടെ ചിന്തകളും പങ്കുവച്ചിരുന്നു. ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും അഹിംസാത്മക രീതികളെ പരിഹസിക്കുന്ന പോസ്റ്റുകളുമുണ്ട്. എന്നാൽ നക്‌സൽ സംഘടനകളുമായി ബന്ധമില്ലെന്നും പൊലീസ് പറയുന്നു.