supreme-court

ന്യൂഡൽഹി: ഉത്തർപ്രദേശ് മഥുരയിലെ ശ്രീകൃഷ്‌ണ ജന്മഭൂമി തർക്കഭൂമിയിൽ അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് ഉത്തരവിട്ട അലഹബാദ് ഹൈക്കോടതിയുടെ നടപടിയിൽ ഇടപെടാതെ സുപ്രീംകോടതി. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ പരിശോധന നടത്താനുള്ള ഹൈക്കോടതി ഉത്തരവ് തന്റെ മുന്നിലെത്താതെ സ്റ്റേ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. മസ്ജിദ് കമ്മിറ്റിയാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സുപ്രീംകോടതിയുടെ മുന്നിലിരിക്കുന്ന വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്നുണ്ടാകുന്ന ഇടക്കാല ഉത്തരവുകൾ അന്തിമ തീർപ്പിനെ ബാധിക്കുമെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. നടപടി ഏകപക്ഷീയമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും അറിയിച്ചു. എന്നാൽ, ജനുവരി ഒൻപതിന് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കി ഹർജികൾ മാറ്റുകയായിരുന്നു. ഈ സമയത്തിനിടയിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉത്തരവുകളുണ്ടായാൽ സമീപിക്കൂയെന്നും മസ്ജിദ് കമ്മിറ്റിയോട് നിർദ്ദേശിച്ചു.

മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ 13.37 ഏക്കർ തർക്കഭൂമി സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് അഭിഭാഷക കമ്മിഷൻ. ബുധനാഴ്‌ചയാണ് ഇതുസംബന്ധിച്ച തീരുമാനം അലഹബാദ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ആരാകണം അഭിഭാഷക കമ്മിഷൻ, ഏതൊക്കെ കാര്യങ്ങൾ പരിശോധിക്കണം, മൂന്നംഗങ്ങൾ വേണമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കേസ് തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ശ്രീകൃഷ്ണൻ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഭൂമിക്ക് മുകളിൽ മസ്ജിദ് നിർമ്മിച്ചുവെന്നും പൊളിച്ചു നീക്കണമെന്നുമുള്ള ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്.