lalith

ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമം കാട്ടിയ സംഘത്തിന്റെ തലവനെന്ന് കരുതുന്ന ലളിത് ഝായ്‌ക്ക് തൃണമൂൽ കോൺഗ്രസ് ബന്ധം ആരോപിച്ച് ബി.ജെ.പി. ലോക്‌സഭയിൽ അതിക്രമം കാട്ടിയ പ്രതികൾ ബി.ജെ.പിയുടെ മൈസൂർ എംപി പ്രതാപ് സിംഹന്റെ പാസിൽ അകത്തു കടന്നത് ആയുധമാക്കുന്ന പ്രതിപക്ഷത്തെ എതിരിടുകയാണ് ലക്ഷ്യം.

തൃണമൂൽ എം.എൽ.എ തപസ് റോയ്, തൃണമൂൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സൗമ്യ ബക്‌ഷി, മറ്റൊരു നേതാവ് രാജേഷ് ശുക്ല എന്നിവർക്കൊപ്പമുള്ള ലളിത് ഝായുടെ ഫോട്ടോയാണ് ഇന്നലെ പശ്‌ചിമ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ പുറത്തു വിട്ടത്. ലളിത് ഝായുമായുള്ള തൃണമൂലിന്റെ ബന്ധം മുഖ്യമന്ത്രി മമതാ ബാനർജി വിശദീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

പിന്നാലെ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ വിഷയം ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് തോൽവിയിൽ നിരാശരായ 'ഇന്ത്യ' മുന്നണി കേന്ദ്ര സർക്കാരിനെതിരെ നടത്തിയ ഗൂഢാലോചനയാണ് പാർലമെന്റിലെ അതിക്രമമെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ലളിത് ഝായെ അറിയില്ലെന്ന് തപസ് റോയ് വിശദീകരിച്ചു. പൊതുപ്രവർത്തകർക്കൊപ്പം പലരും ഫോട്ടോയെടുക്കും. അതിനാൽ ഫോട്ടോ വച്ച് ആരോപണം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.