supreme-court

 ജോലിനേടിയ ഇരുന്നൂറോളം പേർക്ക് ആശ്വാസം

ന്യൂഡൽഹി : കെ.എസ്.ഇ.ബി മീറ്റർ റീഡർ നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉയർന്ന വിദ്യാഭ്യാസ യോഗ്യത അയോഗ്യതയല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്രിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഉത്തരവ് നിയമനം നേടിയ ഇരുന്നൂറോളം പേർക്ക് ആശ്വാസമായി.

സംസ്ഥാന സർക്കാരും പി.എസ്.സിയുമടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും നിർദ്ദേശിച്ചു. ആറാഴ്ച്ചയ്ക്കകം മറുപടി നൽകണം.

നാഷണൽ ട്രേഡ് സർട്ടിഫിക്കറ്ര് നേടിയവർ മാത്രമാണ് തസ്തികയ്ക്ക് യോഗ്യരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റാങ്ക് ലിസ്റ്റും നിയമനവും റദ്ദാക്കിയത്. റാങ്ക് ലിസ്റ്റ് പുതുക്കി പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശിച്ചു.

ഇതിനെതിരെ മീറ്റർ റീഡർ ജോലിയിൽ പ്രവേശിച്ച എൻജിനിയറിംഗ് ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർ അഭിഭാഷകരായ വി. ചിദംബരേഷ്, പി.എൻ. രവീന്ദ്രൻ എന്നിവർ മുഖേന സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് കാരണം ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, നാഷണൽ ട്രേഡ് സർട്ടിഫിക്കറ്ര് (എൻ.ടി.സി) യോഗ്യതയുള്ളവർ തടസഹർജി സമർപ്പിച്ചിരുന്നു. അവർക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

പി.എസ്.സി വിജ്ഞാപനത്തിൽ എട്ടാം ക്ലാസ് പാസും,​ ഐ.ടി.ഐയിൽ നിന്ന് ലഭിക്കുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്ര് യോഗ്യതയും മാനദണ്ഡമായി പറഞ്ഞിരുന്നു. എന്നാൽ ഡിഗ്രി, ഡിപ്ലോമക്കാരെയും മീറ്റർ റീഡർമാരായി നിയമിച്ചുവെന്ന് ആരോപിച്ചാണ് എൻ.ടി.സി യോഗ്യതയുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.