
ന്യൂഡൽഹി: പാർലമെന്റ് സുരക്ഷയിൽ വീഴ്‌ച സംഭവിച്ചെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയിലും പ്രതികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ടും പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നലെയും സ്തംഭിച്ചു.
സസ്‌പെൻഡ് ചെയ്യപ്പെട്ട 14 എം.പിമാർ പുറത്ത് പ്രതിഷേധം തുടർന്നു. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ പോയതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിലെത്തിയില്ല.
രാവിലെ 11ന് സമ്മേളിച്ചപ്പോൾ ലോക്‌സഭയിൽ പ്ളക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബഹളം തുടങ്ങിയതോടെ സഭ നിയന്ത്രിച്ച രാജേന്ദ്ര അഗർവാൾ സഭ രണ്ടുമണിവരെ നിറുത്തിവച്ചു. രണ്ടുമണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം അയഞ്ഞില്ല. അതോടെ തിങ്കളാഴ്‌ചത്തേക്ക് പിരിഞ്ഞു.
രാജ്യസഭയിൽ റിപ്പോർട്ടുകളും മറ്റും അവതരിപ്പിച്ച ശേഷം അടിയന്തര പ്രമേയ നോട്ടീസുകൾ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ തള്ളിയതിന് പിന്നാലെ ബഹളം തുടങ്ങി. രണ്ടുമണിവരെ നിർത്തിയ സഭ വീണ്ടും ചേർന്നപ്പോഴും സമാന രംഗങ്ങൾ ആവർത്തിച്ചപ്പോളാണ് തിങ്കളാഴ്ച വരെ പിരിഞ്ഞത്. ധൻകർ വിളിച്ച അനുനയ ചർച്ച രണ്ടാം ദിവസവും പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
സുരക്ഷാ വീഴ്‌ച സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും നിരവധി അടിയന്തര പ്രമേയ നോട്ടീസുകൾ ലഭിച്ചിരുന്നു.
അമിത് ഷാ സഭയിൽ പ്രസ്‌താവന നടത്തുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ധൻകർ വിളിച്ച യോഗത്തിൽ നിന്ന് വിട്ടു നിന്നതിനെക്കുറിച്ച് അവിടെ നല്ല പലഹാരങ്ങൾ ലഭിക്കുമെന്നല്ലാതെ മറ്റു കാര്യമില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ഒരു ടിവി ചാനൽ പരിപാടിയിൽ അമിത് ഷാ പാർലമെന്റിൽ സുരക്ഷാ വീഴ്‌ച നടന്നുവെന്ന് സമ്മതിച്ചത് പരാമർശിക്കവെ അക്കാര്യം പാർലമെന്റിലാണ് പറയേണ്ടതെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച അദ്ദേഹം സഭയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ജയ്‌റാം രമേശ് പറഞ്ഞു.
പ്രതിഷേധം തുടർന്ന് പുറത്തായ എംപിമാർ
പ്രതിഷേധത്തിന്റെ പേരിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ ആറ് മലയാളികൾ അടക്കമുള്ള എം.പിമാർ രാവിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിലും തുടർന്ന് പുതിയ മന്ദിരത്തിന്റെ മകർ ദ്വാറിലും പ്രതിഷേധിച്ചു. എം.പിമാർക്ക് സോണിയാ ഗാന്ധി അടക്കം നേതാക്കൾ പിന്തുണയുമായി വന്നു. രാജ്യസഭയിൽ നിന്ന് പുറത്തായ ഡെറിക് ഒബ്രെയ്‌നും പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു.
രാജ്യത്തെ സംരക്ഷിക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് പറയുന്ന ബി.ജെ.പിക്ക് പാർലമെന്റിനെ പോലും സംരക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമായെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഡി.എം.കെ അംഗം കനിമൊഴി പറഞ്ഞു. പ്രധാനമന്ത്രിക്ക് ഉള്ളപ്പോഴാണ് സംഭവം നടന്നതെങ്കിലോ. പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്ക്കരിക്കുകയല്ല. സർക്കാരിന് ഉത്തരവാദിത്തമുണ്ട്.