ന്യൂഡൽഹി: അതീവ സുരക്ഷാസംവിധാനങ്ങളെയെല്ലാം മറികടന്ന് പാർലമെന്റിൽ അതിക്രമം കാട്ടിയ സാഗർ ശർമ്മയും മനോരഞ്ജനും എം.പിമാർക്കിടയിലേക്ക് ചാടുംമുൻപ് സ്വയം തീ കൊളുത്താൻ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് . പക്ഷേ, ഗാലറിയിൽ നിന്ന് ചാടി പുക സ്‌പ്രേ പ്രയോഗിക്കാനുള്ള പ്ളാൻ ബിയാണ് നടപ്പാക്കിയത്.
പരമാവധി മാദ്ധ്യമ ശ്രദ്ധ ലഭിക്കാനാണ് തീകൊളുത്താൻ തീരുമാനിച്ചത്. ശരീരത്തിൽ തീപടരവേ, സർക്കാർ വിരുദ്ധ ലഘുലേഖകളുമായി ഗാലറിയിൽ നിന്ന് ചാടാമെന്നും പാർലമെന്റിന് പുറത്ത് അമോൽ, നീലം എന്നിവർ തീകൊളുത്തി പ്രതിഷേധിക്കാനും പദ്ധതിയിട്ടിരുന്നു.
ചേംബറിലേക്ക് ചാടി പുക സ്‌പ്രേ പ്രയോഗിച്ച പ്രതികളെ എം.പിമാർ കീഴ്‌പ്പെടുത്തിയതിനാൽ പോക്കറ്റിലുണ്ടായിരുന്ന ലഘുലേഖകൾ വിതറാൻ കഴിഞ്ഞില്ല. അകത്തു കടന്നവർ ഷൂസിൽ ഒളിപ്പിച്ചിരുന്ന രണ്ടു പുക സ്പ്രേകൾക്കു പുറമേ, അഞ്ചെണ്ണം പുറത്തുനിന്നവരുടെ പക്കലുണ്ടായിരുന്നു.
ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്.
ഗുഡ്‌ഗാവിൽ പ്രതികൾ താമസിച്ച വീട്ടിലും പാർലമെന്റിൽ എത്തും മുൻപ് പോയ സ്ഥലങ്ങളിലും തെളിവെടുപ്പ് പൂർത്തിയാക്കി. സൂത്രധാരനായ ലളിത് ഝാ സംഭവത്തിന് ശേഷം രക്ഷപ്പെട്ട രാജസ്ഥാനിലെ സ്ഥലങ്ങളിലേക്കും പൊലീസ് പോകും. നീലത്തിന്റെ ഹരിയാനയിലെ ഗ്രാമത്തിലും തെളിവെടുപ്പ് നടത്തും.
ജെൽ കിട്ടിയില്ല, പ്ളാൻ മാറ്റി
1. തങ്ങളുന്നയിക്കുന്ന വിഷയങ്ങൾ സർക്കാരിനെ അറിയിക്കാനും മാദ്ധ്യമ ശ്രദ്ധ നേടാനും ലക്ഷ്യമിട്ടതല്ലാതെ സ്വയം അപായപ്പെടുത്താൻ ആഗ്രഹിച്ചില്ല. പൊള്ളലേൽക്കാതിരിക്കാൻ, തീകൊളുത്തുംമുമ്പ് ശരീരത്തിൽ പുരട്ടുന്ന ജെൽ ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെ ആ പദ്ധതി ഉപേക്ഷിച്ചു.
2.മൺസൂൺ സെഷനിൽ പാർലമെന്റിൽ എത്തിയിരുന്ന പ്രതികൾ ഗൂഗിളിൽ നിന്ന് പാർലമെന്റിന്റെ പരിസരം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. പാർലമെന്റുമായി ബന്ധപ്പെട്ട വീഡിയോകൾ യൂട്യൂബിൽ കാണുകയും ചെയ്തു.
3.പാർലമെന്റിന് പുറത്തുണ്ടായിരുന്ന നീലം, അമോൽ, ലളിത് ഝാ എന്നിവർ പൊലീസിന് സംശയം തോന്നാത്തവിധം സിഗ്‌നൽ ആപ്പു വഴിയാണ് പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്.
ജെൽ പോളിമർ
# പോളിമർ പദാർത്ഥമാണ് ശരീരത്തിൽ പുരട്ടുന്ന ജെൽ . ജലാംശം ചെറുകുമിളകളായി മാറി ചർമ്മത്തെ ചൂടേൽക്കാതെ രക്ഷിക്കും.കൈകളിൽ ഇതു പുരട്ടിയശേഷം കർപ്പൂരം കത്തിച്ചുവച്ചാൽ ചൂട് അറിയില്ല.
#അറസ്റ്റ് ആറായി
ലളിത് ഝായുടെ സുഹൃത്തും സംഘാംഗവുമായ മഹേഷ് കുമാവതിന്റെ അറസ്റ്റും രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവർ ആറായി.
മഹേഷും ഭഗത് സിംഗ് ക്ളബിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു. പാർലമെന്റിലെ 'പ്രതിഷേധ'ത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ലളിത് ഝാ രാജസ്ഥാനിലേക്ക് കടന്നപ്പോൾ ഒപ്പമുണ്ടായിരുന്നു. മഹേഷിന്റെ ബന്ധു കൈലാഷും കസ്റ്റഡിയിലുണ്ട്. പാർലമെന്റിൽ തെളിവെടുപ്പിന് പൊലീസ് കോടതിയുടെ അനുമതി തേടി.