ന്യൂഡൽഹി: കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള സെമിനാറിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കരുതെന്ന എസ്.എഫ്.ഐ നിലപാട് സി.പി.എം അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. ഗുരുദേവനെക്കുറിച്ച് മിണ്ടരുതെന്നാണ് നിലപാടെങ്കിൽ അത് സനാതനധർമ്മ വിശ്വാസികളോട് തുറന്നുപറയണം. ചാൻസലറായ ഗവർണർക്കെതിരെ കാമ്പസിൽ ബാനർ കെട്ടാൻ അനുവദിച്ചതിലൂടെ വിദ്യാഭ്യാസ വകുപ്പും സർക്കാരും സർവകലാശാല അധികൃതരും തമ്മിലുള്ള ഒത്തുകളി വ്യക്തമായി.

ഭാര്യാപിതാവ് മുഖ്യമന്ത്രിയായതിനാൽ മന്ത്രിയായ ആളല്ല താനെന്ന് താൻ വികസനം മുടക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനത്തിന് വി.മുരളീധരൻ മറുപടി നൽകി. റിയാസും ഭാര്യാപിതാവും കൂടി നടത്തുന്ന വികസനം കാരണം സാധാരണക്കാർക്ക് പുറത്തിറങ്ങാൻ പറ്റാതെയായി. ശബരിമല തീർത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്രം നൽകിയ 95 കോടി എവിടെപ്പോയെന്ന് റിയാസ് വ്യക്തമാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.