justice-nariman

ന്യൂഡൽഹി: നിഷ്പക്ഷരായ വ്യക്തികളെ ഗവർണർമാരായി നിയമിക്കണമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പോലെയുള്ളവരെയല്ല വേണ്ടതെന്നും സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് റോഹിന്റൺ നരിമാൻ പറഞ്ഞു. രാജ്‌ഭവനുകളിൽ നിക്ഷ്പക്ഷരായവരെ നിയമിക്കണമെന്ന സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും മുംബയിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ ആരിഫ് മുഹമ്മദ് ഖാൻ രാഷ്‌ട്രപതിക്ക് അയച്ച നടപടിയെയും അദ്ദേഹം വിമർശച്ചു.

നിരവധി ഭരണഘടനാ പരിരക്ഷകൾ ഉള്ളതിനാൽ സ്വതന്ത്രരായവരെ മാത്രമേ ഗവർണർമാരായി നിയമിക്കാവൂ. അവരുടെ വിവേചനാധികാരത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് ചുമതലകളുണ്ട്. ബില്ലുകൾക്ക് അനുമതി നൽകലും സംസ്ഥാനത്ത് ഭരണഘടനാ തകർച്ച ഉണ്ടായാൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകലും. താത്‌പര്യമുള്ള വ്യക്തികൾ ആ പദവിയിലിരുന്നാൽ സ്വതന്ത്രമായ വിലയിരുത്തലുണ്ടാകില്ല.

ബില്ലുകൾ രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കാൻ ഗവർണർമാർക്ക് അധികാരമുണ്ടെന്ന 2019ലെ ബി.കെ. പവിത്ര കേസിലെ സുപ്രീംകോടതി വിധിയിൽ പുനരവലോകനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെയോ ജുഡിഷ്യറിയെയോ ബാധിക്കുന്ന ബില്ലുകൾ രാഷ്‌ട്രപതിക്ക് അയയ്‌ക്കുന്നതിനെ ന്യായീകരിക്കാനാകും. കേന്ദ്ര പാർലമെന്റിൽ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള പുതിയ ബിൽ സുപ്രീംകോടതി റദ്ദാക്കണമെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു.