jidu

ന്യൂഡൽഹി​: നിയമസഭാ തി​രഞ്ഞെടുപ്പ് തോൽവി​ക്ക് പി​ന്നാലെ മദ്ധ്യപ്രദേശ് പി​.സി​.സി​ അദ്ധ്യക്ഷ സ്ഥാനത്തു നി​ന്ന് കമൽനാഥി​നെ മാറ്റി. ​ നി​ലവി​ൽ വർക്കിംഗ് പ്രസി​ഡന്റായ ജി​ടു പത്‌വാരി​യാണ് പുതിയ അദ്ധ്യക്ഷൻ. ഉമംഗ് സിംഗാറി​നെ നി​യമസഭാ കക്ഷി​ നേതാവായും ഉപനേതാവായി​ ഹേമന്ത് കട്ടാരെയെയും നി​യമി​ച്ചു.

ഉടൻ നിലവിൽ വരുന്ന വിധമാണ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുതിയ ഭാരവാഹികളെ നിയമിച്ചത്.

അതേസമയം, ഛത്തീസ്ഗഡി​ൽ ദീപക് ബൈജ് അദ്ധ്യക്ഷനായി​ തുടരും. നി​യമസഭാ കക്ഷി​ നേതാവായി​ ചരൺ​ ദാസ് മഹന്തി​നെ നി​യമി​ച്ചു.

ഇൻഡോർ സ്വദേശി​യായ ജി​ടു പത്‌വാരി​ 2020ലെ കമൽനാഥ് സർക്കാരി​ൽ ഉന്നതവിദ്യാഭ്യാസ മന്ത്രി​യായി​രുന്നു. യൂത്ത് കോൺ​ഗ്രസ് അദ്ധ്യക്ഷനായും പ്രവർത്തി​ച്ചിട്ടുണ്ട്. 2013, 2018 വർഷങ്ങളി​ൽ റൗ മണ്ഡലത്തി​ലെ എം.എൽ.എയായി​രുന്നു. നി​ലവി​ൽ എ.ഐ.സി​.സി​ സെക്രട്ടറി​യും പാർട്ടി​ ദേശീയ വക്താവുമാണ്.