
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുന്നതിന്റെ കാരണങ്ങൾ ഉടൻ രേഖാമൂലം പ്രതിയെ അറിയിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. വാക്കാൽ അറിയിച്ച ശേഷം രേഖാമൂലം 24 മണിക്കൂറിനുള്ളിൽ പ്രതിക്ക് നൽകിയാൽ മതിയെന്നും ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ സെക്‌ഷൻ 19 പ്രകാരം അറസ്റ്റിന്റെ കാരണം എത്രയും വേഗം പ്രതിയെ അറിയിക്കണം. അത് വാക്കാൽ മതി. രേഖാമൂലമുള്ള അറിയിപ്പ് നൽകാൻ 24 മണിക്കൂർ സാവകാശമുണ്ട്. നിയമത്തിലെ എത്രയും വേഗം എന്ന പദപ്രയോഗം, കാലതാമസം കൂടാതെ അല്ലെങ്കിൽ ന്യായമായ സമയത്തിനുള്ളിൽ എന്ന് വ്യാഖ്യാനിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.