
ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്.എഫ്.ഐക്കാരുടെ അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ.
മുഖ്യമന്ത്രിയെന്നും ആഭ്യന്തര മന്ത്രിയെന്നുമുള്ള നിലയിലല്ല, പാർട്ടി നേതാവായാണ് പിണറായി സംസാരിക്കുന്നത്. ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുമ്പോൾ തടയുമെന്ന് വെല്ലുവിളിക്കുന്നവർ, പാണക്കാട് തങ്ങളുടെ കുടുംബത്തിലെ വിവാഹത്തിന് ഗവർണർ പോകുമ്പോൾ തടയാത്തത് എന്തുകൊണ്ടാണ്. ഗുരുദേവനെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പ്രചാരണങ്ങൾ തിരുത്താൻ ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള പണ്ഡിതർക്ക് കഴിയും. അതാണ് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്. സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ സർവകലാശാല ചട്ടപ്രകാരം ചാൻലസലർക്ക് അധികാരമുണ്ട്. സി.പി.എം നൽകുന്ന ലിസ്റ്രിൽ ഒപ്പുവയ്ക്കുന്ന ആളല്ല ഗവർണർ. കമ്മ്യൂണിസത്തോട് വിയോജിച്ചവരെ ഇല്ലാതാക്കുന്ന രീതിയാണ് സി.പി.എമ്മിന്. ആരിഫ് മുഹമ്മദ് ഖാനോടുള്ള അസഹിഷ്ണുതയ്ക്കും ഇതാണ് കാരണം. സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ക്രിമിനലുകളെ കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയെ ജനം വിലയിരുത്തുമെന്നും വി. മുരളീധരൻ പറഞ്ഞു.