
ന്യൂഡൽഹി: വാരാണസിയിലെ 19,150 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. വാരാണസി - ന്യൂഡൽഹി വന്ദേഭാരതും, വിഹംഗം യോഗയുടെ പ്രചാരകനായ സദ്ഗുരു സദഫൽ ദിയോയുടെ സ്മരണയ്ക്കായി നിർമ്മിച്ച സ്വർവേദ മഹാമന്ദിരവും ഉദ്ഘാടനം ചെയ്യും. 140 കോടി ജനങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചാൽ 2047ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരാണസിയിൽ രണ്ടു ദിവസത്തെ സന്ദർശത്തിനെത്തിയ മോദി, വികസിത് ഭാരത് സങ്കൽപ് യാത്ര പരിപാടിയിൽ സംസാരിക്കുകയായിരുന്നു. നമോ ഘട്ടിൽ സംഘടിപ്പിക്കുന്ന കാശി തമിഴ് സംഗമം രണ്ടാം എഡിഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെ പ്രസംഗങ്ങൾ തമിഴ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത് കേൾപ്പിക്കുന്ന സംവിധാനം ശുഭകരമായ പുതിയ തുടക്കമാണെന്ന് മോദി വ്യക്തമാക്കി. വാരാണസിയിൽ നിന്ന് കന്യാകുമാരി വരെയുള്ള കാശി തമിഴ് സംഗമം എക്‌സ്‌പ്രസ് ട്രെയിനും ഫ്ളാഗ് ഒഫ് ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിൽ തമിഴ് - കാശി പരമ്പാരഗത ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ- ദക്ഷിണേന്ത്യൻ സംസ്കാരങ്ങളുടെ കൂടിച്ചേരലും സാംസ്കാരിക കൈമാറ്റവുമാണ് ലക്ഷ്യമിടുന്നത്. ഡിസംബർ 31 വരെ നടക്കുന്ന പരിപാടിയിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 1400 പ്രതിനിധികൾ പങ്കെടുക്കും. വാരാണസി, അയോദ്ധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങൾ സംഘം സന്ദർശിക്കും.
സൂററ്റിൽ രത്നമായി
വൻസമുച്ചയം
ഗുജറാത്തിലെ സൂററ്റിൽ നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ രാജ്യാന്തര വജ്ര - സ്വർണാഭരണ വ്യാപാര കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമാണിത്. കെട്ടിടം സൂററ്റിലെ മറ്റൊരു വജ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വജ്ര മേഖലയിൽ ഒന്നര ലക്ഷം പേർക്ക് കൂടി തൊഴിൽ ലഭ്യമാവും. വ്യാപാര കേന്ദ്രം മോദി ഗ്യാരന്റിയുടെ ഫലമാണ്. ലോകത്തെ വികസിച്ചു കൊണ്ടിരിക്കുന്ന പത്ത് നഗരങ്ങളിൽ ഒന്ന് സൂററ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവർ പങ്കെടുത്തു. സൂററ്റ് വിമാനത്താവളത്തിലെ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ സമുച്ചയവും മോദി ഉദ്ഘാടനം ചെയ്തു. .