വഴിതെറ്റിക്കാൻ പ്രതികൾ
ന്യൂഡൽഹി : പാർലമെന്റ് ആക്രമണക്കേസിൽ പരസ്പര വിരുദ്ധ മൊഴികൾ നൽകി അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ശ്രമിക്കെ, 56 സംഘങ്ങളായി തിരിഞ്ഞ് ഡൽഹി പൊലീസ് അന്വേഷണം. രാജസ്ഥാൻ, പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ തങ്ങുകയാണ് സ്പെഷ്യൽ സെൽ.
ആറു പ്രതികളുടെയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് വിവരങ്ങൾ പരിശോധിക്കാൻ കൗണ്ടർ ഇന്റലിജന്റ്സ് യൂണിറ്റ് മെറ്റയ്ക്ക് കത്തയച്ചു. സാഗർ ശർമ്മയുടെ ലക്നൗവിലെ വീട്ടിലും മനോരഞ്ജന്റെ മൈസൂരുവിലെ വീട്ടിലും ഹരിയാന ജിൻഡിലെ നീലം ആസാദിന്റെ വീട്ടിലും ഇന്നലെ റെയിഡ് നടത്തി.
മുഖ്യആസൂത്രകൻ ലളിത് ഝായുടെ ഫോൺ കണ്ടെത്താൻ ശ്രമം തുടരുകയാണ്. കത്തിക്കരിഞ്ഞ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് പ്രതികളെ വീടുകളിലെത്തിച്ച് തെളിവെടുക്കുന്നത് തത്കാലം മാറ്റിവച്ചിരിക്കുകയാണ്. സാഗറിന്റെ ലക്നൗവിലെ വീട്ടിൽ നിന്ന് ഇന്നലെ വസ്ത്രങ്ങൾ, ബാങ്ക് പാസ്ബുക്ക് എന്നിവ ശേഖരിച്ചു. മാതാപിതാക്കളെയും സഹോദരിയെയും ചോദ്യം ചെയ്തു. സാഗറിനെ വീഡിയോ കോൺഫറൻസ് മുഖേന കണക്ട് ചെയ്തിരുന്നു. നീലം ആസാദിന്റെ ഹരിയാന ജിൻഡിലെ വീട്ടിൽ നിന്ന് ഡയറിയും പുസ്തകങ്ങളും കണ്ടെടുത്തു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരവും ശേഖരിച്ചു.
അതിനിടെ സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. അബു സൊഹേൽ സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി നൽകി.
ചോദ്യം ചെയ്യാൻ ഇവർ
സാഗർ ശർമ്മ: സ്പെഷ്യൽ സെൽ, സതേൺ റേഞ്ച്, സാകേത്
ലളിത് ഝാ: സ്പെഷ്യൽ സെൽ, സൗത്ത് വെസ്റ്റേൺ റേഞ്ച്, ജനക്‌പുരി
മനോരഞ്ജൻ: സ്പെഷ്യൽ സെൽ, ന്യൂഡൽഹി റേഞ്ച്
നീലം ആസാദ്: സ്പെഷ്യൽ സെൽ, ന്യൂഫ്രണ്ട്സ് കോളനി യൂണിറ്റ്
സൗരവിനായി
തെരച്ചിൽ
ഭഗത്സിംഗിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് 'ആക്ഷൻ' നടത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. എന്നാലിത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഭഗത് സിംഗ് ഫാൻ ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ വിവരം ശേഖരിക്കും. പേജ് ലൈക്ക് ചെയ്തവരുടെ എണ്ണമെടുക്കും. ആക്രമണദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പശ്ചിമ ബംഗാളിലെ സൗരവ് ചക്രവർത്തിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ആസൂത്രകരിൽ ഒരാളാണ് സൗരവെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവം നടന്നതിന് പിന്നാലെ സൗരവിന്റെ മൊബൈലിലേക്ക് ദൃശ്യങ്ങൾ അയച്ച് 'പ്രതിഷേധിച്ചു, പ്രചരിപ്പിക്കുക' എന്ന് ചേർത്തിരുന്നു.
ഷൂ കടയുടമയ്ക്ക്
മുൻപരിചയമില്ല
ലക്നൗ ആലം ബാഗിലെ കടയിൽ നിന്നാണ് സാഗർ 699 രൂപ നൽകി ഷൂ വാങ്ങിയത്. ഷൂ സ്റ്റോർ ഉടമ ദീപക് സാധനയെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. സാഗറിനെ മുൻപരിചയമില്ലെന്ന് നൽകി. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. പുക സ്പ്രേ കുപ്പി രഹസ്യമായി സൂക്ഷിക്കാൻ തക്ക വിധത്തിൽ ഷൂവിന് രൂപംമാറ്റി നൽകിയ ലക്നൗവിലെ ചെരുപ്പുകുത്തിയെ കണ്ടെത്താനായിട്ടില്ല.
കണ്ടെത്തേണ്ട്
പ്രതികൾക്ക് പിന്നിലാര് ?
സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ ?
ഖാലിസ്ഥാൻ, പാക് ബന്ധമുണ്ടോ ?
പൊലീസിന്റെ
വെല്ലുവിളികൾ
പ്രതികളുടെ പരസ്പര വിരുദ്ധ മൊഴികൾ
ഫോണുകൾ ഉൾപ്പെടെ തെളിവ് നശിപ്പിക്കപ്പെട്ടത്
സാമൂഹ്യമാദ്ധ്യമ ഇടപെടലുകൾ കണ്ടെത്തൽ