
14 മലയാളി എം.പിമാരും
ന്യൂഡൽഹി: ലോക്സഭയിലെ സുരക്ഷാ വീഴ്‌ചയിൽ അമിത് ഷായുടെ പ്രസ്‌താവന ആവശ്യപ്പെട്ട് ഇരുസഭകളിലുമായി നടുത്തളത്തിലിറങ്ങിയ 78 എം.പിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്‌തു. ചരിത്രത്തിലെ ഏറ്റവും വലിയ നടപടിക്കാണ് പാർലമെന്റ് സാക്ഷിയായത്.
രാജ്യസഭയിലെ 34, ലോക്‌സഭയിലെ 30 അംഗങ്ങളെയാണ് നടപ്പുസമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. ലോക്‌സഭയിലെ ആറും രാജ്യസഭയിലെ എട്ടും മലയാളി എം.പിമാരും ഉൾപ്പെടുന്നു.
രാജ്യസഭയിൽ 11, ലോക്‌സഭയിലെ മൂന്നു എം.പിമാരുടെ ഗുരുതര അച്ചടക്ക ലംഘനം
പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഷൻ കാലാവധി നീണ്ടേക്കും.
കഴിഞ്ഞയാഴ്‌ച ഒരു രാജ്യസഭാംഗത്തെയും 13 ലോക്‌സഭാംഗങ്ങളെയും സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതോടെ നടപ്പ് സമ്മേളനത്തിൽ നടപടി നേരിട്ടവരുടെ എണ്ണം 92 ആയി. പാർലമെന്റ് ചരിത്രത്തിൽ ഇത്രയും എം.പിമാർ പുറത്താകുന്നത് ആദ്യം. 1989ൽ കോൺഗ്രസ് സർക്കാർ 63 എം.പിമാരെ പുറത്താക്കിയിരുന്നു. പ്രതിഷേധമൊഴിവാക്കി നിർണായക ബില്ലുകൾ പാസാക്കാൻ സഭാ നേതാക്കളെയടക്കമാണ് പുറത്താക്കിയത്.
സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പ്രസ്‌താവന ആവശ്യമില്ലെന്ന് സ‌്‌പീക്കർ ഓം ബിർള വ്യക്തമാക്കി. സമ്മേളനം തീരാൻ നാലു ദിവസം ബാക്കിയുണ്ട്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ മൂന്ന് നീതി ന്യായ ബില്ലുകൾ അടക്കം പാസാക്കി ശൈത്യകാല സമ്മേളനം നേരത്തെ പിരിയാനും സാദ്ധ്യതയുണ്ട്.
ഇന്നലെ പുറത്തായ
മലയാളി എം.പിമാർ
ലോക്‌സഭ: കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, ആന്റോആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ(കോൺഗ്രസ്), ഇ.ടി.മുഹമ്മദ് ബഷീർ(മുസ്ളീം ലീഗ്), എൻ.കെ.പ്രേമചന്ദ്രൻ(ആർ.എസ്.പി)
രാജ്യസഭ: കെ.സി. വേണുഗോപാൽ, ജെബി മേത്തർ(കോൺഗ്രസ്), ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസ്, എ.എ. റഹീം(സി.പി.എം), ബിനോയ് വിശ്വം, പി. സന്തോഷ്‌കുമാർ(സി.പി.ഐ), ജോസ് കെ.മാണി(കേരള കോൺഗ്രസ്)