ടെലി. ബിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: മൂന്ന് നീതിന്യായ ബില്ലുകൾ സുഗമമായി പാസാക്കി ശൈത്യകാല സമ്മേളനം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ 78 പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയത്. സർക്കാരിനെ ആക്രമിക്കാൻ അവിചാരിതമായി ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷ എം.പിമാർ നടപടി ചോദിച്ചു വാങ്ങുകയും ചെയ്തു. അവശേഷിക്കുന്ന എം.പിമാർ ഇന്നും പ്ളക്കാർഡുമായി നടുത്തളത്തിലിറങ്ങും.
ഡിസംബർ 13ന് പാർലമെന്റ് അതിക്രമം നടന്നതിന്റെ തൊട്ടടുത്തദിവസം മുതൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്‌താവന നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നു പ്രതിപക്ഷം. പ്ളക്കാർഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 14 എം.പിമാരെ ആദ്യം പുറത്താക്കി. മൂന്ന് നീതിന്യായ ബില്ലുകളുടെ ചർച്ചയിൽ പങ്കെടുക്കാൻ അമിത് ഷായ്‌ക്ക് ലോക്‌സഭയിൽ വരേണ്ടതുണ്ട്. ഇതുമുന്നിൽ കണ്ടാണ് പ്രതിപക്ഷം പ്രതിപക്ഷവുമായി മുന്നോട്ടു പോയത്. എൻ.കെ.പ്രേമചന്ദ്രനെപ്പോലുള്ളവർ പതിവില്ലാത്ത വിധം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
പ്രതിപക്ഷത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ച് കേന്ദ്ര സർക്കാർ ടെലികമ്മ്യൂണിക്കേഷൻ ബിൽ ഇന്നലെ അവതരിപ്പിച്ചു. നേരത്തെ അവതരിപ്പിച്ച തപാൽ ഭേദഗതി ബില്ലിൻമേൽ ചർച്ച തുടങ്ങുകയും ചെയ്‌തു. പ്രതിഷേധം ഒരു വശത്ത് തുടരുന്നതിനിടെയാണിത്. കഴിഞ്ഞ മൂന്നു ദിവസമായി അജൻഡയിലുണ്ടായിട്ടും മൂന്ന് നീതിന്യായ ബില്ലുകൾ പരിഗണിക്കാൻ സാധിച്ചിട്ടില്ല. അമിത് ഷായും സഭയിൽ വന്നില്ല. അദ്ദേഹം ഇന്ന് ബിൽ ചർച്ചയിൽ പങ്കെടുക്കാനെത്തും.
അമിത് ഷായുടെ അസാന്നിധ്യത്തിൽ രാജ്യസഭയിൽ രണ്ടാം ജമ്മുകാശ്‌മീർ പുന:സംഘടനാ ബിൽ, പുതുച്ചേരിയുമായി ബന്ധപ്പെട്ട ബിൽ എന്നിവയുടെ ചർച്ചയിൽ സഹമന്ത്രിയാണ് മറുപടി നൽകിയത്.
പ്രതിപക്ഷ ബഹളത്തിൽ ലോക്‌സഭ ആദ്യം 12 മണി വരെയും പിന്നീട് രണ്ടുമണിവരെയും നിർത്തിവച്ചു. 2.45 വരെ പിരിഞ്ഞ് വീണ്ടും ചേർന്നപ്പോഴാണ് 33 എംപിമാരെ പുറത്താക്കാനുള്ള പ്രമേയം പാർലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അവതരിപ്പിച്ച് ശബ്‌ദ വോട്ടോടെ പാസാക്കിയത്. രാജ്യസഭ രാവിലെ ആദ്യം 11.30 വരെയും പിന്നീട് രണ്ടുമണിവരെയും നിർത്തിവച്ചു. രണ്ടുമണിക്ക് ചേർന്നപ്പോഴും ബഹളം തുടർന്നപ്പോൾ നാലുമണിവരെയും പിന്നീട് നാലര വരെയും നിർത്തിവച്ചു. നാലരയ്‌ക്ക് ചേർന്നപ്പോൾ സഭാ 45 എംപിമാരെ പുറത്താക്കുന്ന പ്രമേയം അവതരിപ്പിച്ച് പാസാക്കി.