
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കെ സീറ്റ് വിഭജനം ചർച്ച ചെയ്യുന്ന പ്രതിപക്ഷ മുന്നണി 'ഇന്ത്യായുടെ' യോഗം ഇന്ന് ഡൽഹിയിൽ നടക്കും. മുന്നണിയുടെ നാലാം യോഗമാണിത്. വോട്ടർമാർക്ക് മുന്നിൽ പൊതു പരിപാടി അവതരിപ്പിക്കാൻ ഡിസംബർ 31ന് മുൻപ് സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് മുന്നണിയിൽ ആവശ്യമുയർന്നിട്ടുണ്ട്. കൺവീനർ, വക്താവ്, പൊതു സെക്രട്ടേറിയറ്റ് സ്ഥാപിക്കൽ എന്നിവയിൽ സമവായവും ചർച്ച ചെയ്യും.
ഉത്തർപ്രദേശിൽ എട്ട് സീറ്റുകളിൽ കൂടുതൽ വേണമെന്ന് കോൺഗ്രസ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇത് സമാജ്‌വാദി പാർട്ടി അംഗീകരിക്കാത്തത് വെല്ലുവിളിയാണ്. പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിലെ സീറ്റ് ചർച്ചയും സങ്കീർണമാണ്. പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ആംആദ്‌മി പാർട്ടി ഒരുങ്ങുന്നതായി സൂചനയുണ്ട്.
കോൺ. പ്രവർത്തക സമിതി നാളെ
ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി നാളെ ചേരും. ആഗസ്റ്റിൽ സമിതി രൂപീകരിച്ച ശേഷമുള്ള മൂന്നാം യോഗമാണിത്. രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ കൈവിട്ടതും മധ്യപ്രദേശിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതും അവലോകനം ചെയ്യും. രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയും ചർച്ചയാകും.
ക്രൗഡ് ഫണ്ടിംഗിന് തുടക്കം
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തുന്ന ഓൺലൈൻ സംഭാവന പിരിക്കൽ പദ്ധതിക്ക് തുടക്കമായി. ഡൽഹിയിൽ ക്രൗഡ് ഫണ്ടിംഗ് ഉദ്ഘാടനം ചെയ്‌ത അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ 1,38,000 സംഭാവന ചെയ്തു. തന്റെ ഒരു മാസത്തെ ശമ്പളാണ് നൽകിയത്.