parliament

ന്യൂഡൽഹി : പാർലമെന്റ് ആക്രമണം നടത്താൻ എട്ടംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയെന്ന് സൂചന. 'ആക്ഷൻ' രൂപരേഖയും ഈ ഗ്രൂപ്പിൽ തയ്യാറാക്കിയെന്നാണ് പൊലീസ് നിഗമനം.

വിദേശത്തെ ആരെങ്കിലും ഗ്രൂപ്പിൽ അംഗമായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്.

ഗ്രൂപ്പിലെ എല്ലാ നമ്പറുകളും കണ്ടെത്തിയ പൊലീസ്, കോൾ വിവരങ്ങൾ അടക്കം ശേഖരിക്കുകയാണ്. മൊബൈൽ ഫോണുകളും സിമ്മുകളും കത്തിച്ച് നശിപ്പിച്ചതിനാൽ ഡ്യൂപ്ലിക്കേറ്റ് സിമ്മുകൾ എടുക്കാനാണ് ശ്രമം. ഇ-മെയിലുകൾ അറിയാൻ കേന്ദ്രസർക്കാരിന് കീഴിലെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ സഹായവും തേടി.

ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും പേരിലുള്ള ആറിൽപ്പരം വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതികൾ അംഗങ്ങളായിരുന്നു. വിപ്ലവത്തെയും വിപ്ലവകാരികളെയും കുറിച്ചുള്ള ചർച്ചകൾ അതിൽ സജീവമായിരുന്നു.

ആറു പ്രതികളും ഗൂഗിൽ പേ, പേ ടിഎം എന്നിവ ഉപയോഗിച്ച് പണമിടപാട് നടത്തിയോ എന്നറിയാൻ ഇരു കമ്പനികൾക്കും കത്ത് നൽകി. പ്രതികളുടെ വീടുകളിൽ നടത്തിയ റെയിഡിൽ ബാങ്ക് പാസ്ബുക്കും, അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചിരുന്നു.

 ക്രൈം സീൻ മൂന്നു

തവണ പുനഃസൃഷ്ടിച്ചു

കേന്ദ്ര സർക്കാർ നിയോഗിച്ച ആഭ്യന്തര സമിതി ഡിസംബർ 15,16,18 തീയതികളിലായി മൂന്നുതവണ പാർലമെന്റിന് അകത്തും വളപ്പിലുമായി ക്രൈം സീൻ പുനഃസൃഷ്ടിച്ചു. സംഭവം നടന്ന ഡിസംബർ 13ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങളെ ചോദ്യം ചെയ്തു.

സുരക്ഷയിൽ എവിടെയാണ് പിഴച്ചതെന്ന് വ്യക്തമാകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് ഉദ്യോഗസ്ഥരുടെയും മൊഴി ആഭ്യന്തര സമിതി രേഖപ്പെടുത്തും. ഇവർ സസ് പെൻഷനിലാണ്. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗിന്റെ നേതൃത്വത്തിലാണ് ആഭ്യന്തരസമിതിയുടെ അന്വേഷണം.

കൊൽക്കത്തയിൽ

വ്യാപക അന്വേഷണം

കൊൽക്കത്ത ബന്ധത്തെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി. മുഖ്യ ആസൂത്രകൻ ലളിത് ഝാ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തി. ഫോൺവിളിയുടെ വിശദാംശങ്ങൾക്കായി ബി.എസ്.എൻ.എൽ ഓഫീസിനെ സമീപിച്ചു. നഗരത്തിലെ കൂടുതൽ ആൾക്കാർക്ക് ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. സാമ്യബാധി സുബാഷ് ദൾ, റിസർവേഷൻ ഫ്രീ ഇന്ത്യ തുടങ്ങിയ ഗ്രൂപ്പുകൾക്ക് ലളിത് ഝായുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.