rama-temple

ന്യൂഡൽഹി :അയോദ്ധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ച മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് വരേണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റ്. വിവാദമായതോടെ, വിശ്വഹിന്ദുപരിഷത്ത് അദ്ധ്യക്ഷൻ അലോക് കുമാറും ആർ.എസ്.എസ് നേതാക്കളായ രാംലാലും കൃഷ്ണ ഗോപാലും ഇരുവരെയും വസതികളിലെത്തി നേരിട്ട് ക്ഷണിച്ചു. ആരോഗ്യം അനുവദിക്കുമെങ്കിൽ വരാൻ ശ്രമിക്കുമെന്നും അവർ വെളിപ്പെടുത്തി.

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രം തുറന്നു കൊടുക്കുന്നത്. 16 മുതൽ 22 വരെ പ്രാണപ്രതിഷ്ഠാപൂജ നടക്കും. 4000 പൂജാരിമാരും 2200 അതിഥികളും പങ്കെടുക്കും.മാതാ അമൃതാനന്ദമയിക്കും മോഹൻലാലിനും ക്ഷണമുണ്ട്.

പ്രായവും അനാരോഗ്യവും ചൂണ്ടിക്കാട്ടിയാണ് അദ്വാനിയും ജോഷിയും വരേണ്ടന്ന് അഭ്യർത്ഥിച്ചതെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വിശദീകരിച്ചു.

അദ്വാനിക്ക് 96 വയസാണ്. ജോഷിക്ക് അടുത്തമാസം 90 ആകുന്നു. അഭ്യർത്ഥന ഇരുവരും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

1990കളിൽ രാമജന്മഭൂമി പ്രക്ഷോഭം ശക്തമാക്കിയത് അദ്വാനി ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോദ്ധ്യയിലേക്ക് നടത്തിയ രഥയാത്രയാണ്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിൽ അദ്വാനിയും ജോഷിയും നടത്തിയ പ്രസംഗങ്ങൾ വലിയ പ്രകോപനമായെന്ന് ആരോപണമുയർന്നു. ക്രിമിനൽ കേസിൽ ഇരുവരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി.


 ദലൈലാമ, രജനീകാന്ത്, ബച്ചൻ

ആത്മീയ നേതാക്കളായ മാതാ അമൃതാനന്ദമയി, ദലൈലാമ, യോഗഗുരു ബാബാ രാംദേവ്, അഭിനേതാക്കളായ മോഹൻലാൽ, രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അനുപം ഖേർ, മാധുരി ദീക്ഷിത്, വ്യവസായികളായ രത്തൻ ടാറ്റ, മുകേഷ് അംബാനി, അനിൽ അംബാനി, ഐ.എസ്.ആർ.ഒ ഡയറക്ടർ നീലേഷ് ദേശായ്, ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ,​ വിരാട് കോഹ്‌ലി തുടങ്ങിയവർ ക്ഷണിതാക്കളാണ്. മുൻ സിവിൽ സർവീസ്, സൈനിക ഉദ്യോഗസ്ഥർ, അഭിഭാഷകർ, 1992ൽ അയോദ്ധ്യ വാർത്തകൾ റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരെയും ക്ഷണിച്ചു.