
മോദിയെ നേരിടാൻ ദളിത് മുഖം
ഇന്ത്യ യോഗത്തിൽ മമതയുടെ
നിർദ്ദേശം പിന്താങ്ങി കേജ്‌രിവാൾ
ന്യൂഡൽഹി: ദളിത് നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ഇന്ത്യ മുന്നണിയുടെ നിർണായക യോഗത്തിൽ നിർദ്ദേശം.
ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജിയാണ് ഖാർഗെയെ നിർദ്ദേശിച്ചത്. ആംആദ്‌മി നേതാവ് അരവിന്ദ് കേജ്‌രിവാൾ പിന്താങ്ങി. രാജ്യത്ത് ആദ്യ ദളിത് പ്രധാനമന്ത്രി വരാൻ വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. 12 പാർട്ടികൾ പിന്തുണച്ചു. 28 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ ആരും എതിർത്തില്ല.
പ്രധാനമന്ത്രി മോദിയുടെ പ്രഭാവത്തെയും ദളിത് സമൂഹത്തിൽ ബി.ജെ.പിയുടെ സ്വാധീനത്തെയും നേരിടാൻ ഒരു ദളിത് നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുകയെന്ന രാഷ്‌ട്രീയതന്ത്രം യോഗത്തിൽ ചർച്ചയായി. പിന്നാലെയാണ് മമത അപ്രതീക്ഷിതമായി ഖാർഗെയെ നിർദ്ദേശിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഇല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മമത പെട്ടെന്നാണ് അഭിപ്രായം മാറ്റിയത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് അന്തിമ തീരുമാനമെടുക്കാനും യോഗത്തിൽ ധാരണയായി. പിന്നീട് നടത്തിയ പത്രസമ്മേളനത്തിൽ, താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന കാര്യം ഖാർഗെ സ്ഥിരീകരിച്ചില്ല. ആദ്യം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടണം. അതിനുശേഷം എം.പിമാർ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ജെ.ഡി.യു യോഗത്തിൽ ആവശ്യപ്പെട്ടു. അതുകൊണ്ടുകൂടിയാവണം ഖാർഗെയുടെ കാര്യത്തിൽ കൂടുതൽ ചർച്ച നടന്നില്ല. യു.പിയിൽ കോൺഗ്രസ് ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാൽ സഹകരിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കി. ഇന്നലത്തെ യോഗത്തിന് മുന്നണി കൺവീനറെ കണ്ടെത്താനായില്ല.
സംയുക്ത പ്രചാരണം
മൂന്നാഴ്‌ചയ‌്ക്കകം ലോക്‌സഭാ സീറ്റ് വിഭജനത്തിൽ ധാരണ
ബഹുജന സമ്പർക്ക പരിപാടി ഉടൻ തുടങ്ങും
തിരഞ്ഞെടുപ്പിൽ സംയുക്ത പ്രചാരണം നടത്തും
മികച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കും
സസ്‌പെൻഷൻ: 22ന് പ്രതിഷേധം
പ്രതിപക്ഷ എം.പിമാരുടെ കൂട്ട സസ്പെൻഷൻ വിഷയത്തിൽ 22ന് ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ച് സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.
ഞാൻ പാവങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒന്നും ആഗ്രഹിക്കുന്നില്ല. ഭൂരിപക്ഷം നേടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കും.
--മല്ലികാർജുൻ ഖാർഗെ
49 എം.പിമാർക്കു കൂടി സസ്പെൻഷൻ---
141പേർ ഒട്ട്; `ഇന്ത്യാ'
ശബ്ദത്തിന് പൂട്ട്
ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിൽ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയ 49 പ്രതിപക്ഷ എം.പിമാരെക്കൂടി ഇന്നലെ സസ്പെൻഡ് ചെയ്തു. ശശി തരൂർ, കെ. സുധാകരൻ, അടൂർപ്രകാശ് (കോൺഗ്രസ്), അബ്ദുസ്സമദ് സമദാനി (ലീഗ്) എന്നിവരും ഉൾപ്പെടുന്നു.
ഇതോടെ ആറു ദിവസത്തിനിടെ ഇരു സഭയിലുമായി സസ്പെൻഷനിലായവർ 141 ആയി. രാജ്യസഭയിലും പ്രതിഷേധമുണ്ടായെങ്കിലും ഇന്നലെ നടപടിയുണ്ടായില്ല. ശൈത്യകാല സമ്മേളനത്തിൽ അവശേഷിക്കുന്നത് 3 ദിവസമാണ്. അതുകഴിഞ്ഞ് പ്രിവിലേജസ് കമ്മിറ്റിക്ക് വിട്ട 15 പേർക്കൊഴികെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കപ്പെടും. ഫെബ്രുവരിയിൽ ഹ്രസ്വ ബഡ്ജറ്റ് സമ്മേളനമാണ് ഇനി നടക്കാനുള്ളത്.
സസ്പെൻഷൻ
ഡിസം.14: ലോക്സഭ - 13, രാജ്യസഭ -1
18: ലോക്സഭ -33, രാജ്യസഭ -45
19: ലോക്സഭ -49
(ഇവരിൽ രാജ്യസഭയിലെ 12, ലോക്സഭയിലെ മൂന്ന് പേരുടെ സസ്പെൻഷൻ കാലാവധി തീരുമാനം പ്രിവിലേജസ് കമ്മിറ്റിക്ക്)
15 വർഷത്തെ പാർലമെന്ററി ജീവിതത്തിൽ ആദ്യമായി നടുത്തളത്തിലിറങ്ങി. സസ്പെൻഷൻ അന്യായത്തിനെതിരെ പ്രതികരിച്ചതിനുള്ള അംഗീകാരം
- ശശി തരൂർ, എം.പി